സ്വന്തം ലേഖകൻ
തൃശൂർ: സ്ലാബില്ലാത്ത കാനയ്ക്കുള്ളിൽ വീണ് പത്താംക്ലാസ് വിദ്യാർഥിനിയുടെ വലതുകാലൊടിഞ്ഞു. തൃശൂർ ഹോളിഫാമിലി സ്കൂളിലെ വിദ്യാർഥിനിയും കോലഴി മാങ്കുറ്റിപ്പറന്പിൽ സുഭാഷ് – സൗമ്യ ദന്പതികളുടെ മകളുമായ നന്ദനയാണ് (15) അപകടത്തിൽ പെട്ടത്.
ഇന്നലെ രാവിലെ ഒന്പതരയോടെ സ്കൂളിനു പിൻവശത്തെ ഗേറ്റിന് എതിർവശത്തായിരുന്നു അപകടം. നന്ദനയെ അമ്മ സൗമ്യ ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന് പിൻവശത്തെ ഗേറ്റിനു സമീപം ഇറക്കിയശേഷം നന്ദന രണ്ടടി മുന്നോട്ടു നടന്നപ്പോഴായിരുന്നു കാനയിലേക്കു വീണത്.
മകളെ ഇറക്കി വണ്ടി തിരിച്ചയുടനെയാണ് സൗമ്യ മകളുടെ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയത്. അപ്പോഴേക്കും നന്ദന കാനയ്ക്കുള്ളിലേക്കു പൂർണമായും വീണു കഴിഞ്ഞിരുന്നു. പകച്ചുപോയ സൗമ്യ വണ്ടിയിൽ നിന്നിറങ്ങി കാനക്കരികിലെത്തിയപ്പോൾ നന്ദന കാനയ്ക്കുള്ളിൽ കുനിഞ്ഞിരിക്കുകയായിരുന്നു.
ഒറ്റയ്ക്ക് മകളെ കാനയ്ക്കു പുറത്തെത്തിക്കാൻ കഴിയാതിരുന്ന സൗമ്യക്കരികിലേക്ക് അപ്പോഴേക്കും അതുവഴി പോയിരുന്നവരും ചുമട്ടുതൊഴിലാ ളികളും ഓടിയെത്തി. ഇവരെല്ലാം ചേർന്ന് നന്ദനയെ കാനയ്ക്ക് പുറത്തെത്തിച്ചു.
കാനയിൽ വെള്ളമുണ്ടായിരുന്നില്ലെങ്കിലും ചെറിയ തോതിൽ ചെളിയുണ്ടായിരുന്നു. നന്ദനയ്ക്കു വലതുകാൽ നിലത്തുകുത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. “എന്റെ കാലുപോയേ’ എന്ന് നന്ദന നിലവിളിക്കുന്നുമുണ്ടായിരുന്നു. ഉടനെ അമ്മ സൗമ്യയും മറ്റുള്ളവരും ചേർന്ന് തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചു.
കാലിന്റെ എല്ലുകൾക്കു രണ്ടു പൊട്ടലുണ്ടെന്നു പ്രാഥമിക പരിശോധനയിലും എക്സ്റേ എടുത്തതിലും മനസിലായി. തുടർന്ന് കോവിഡ് ആർടിപിസിആർ ടെസ്റ്റ് അടക്കമുള്ളവ നടത്തിയ ശേഷം വൈകീട്ട് ശസ്ത്രക്രിയ നടത്തി. ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ ഗേറ്റിനോടു ചേർന്നുളള കാനകളെല്ലാം സ്ലാബിട്ട് മൂടിയിരുന്നെങ്കിലും എതിർവശത്തെ കാനയാണ് സ്ലാബില്ലാതെ അപകടക്കെണിയൊരുക്കിയത്.നന്ദനയുടെ അച്ഛൻ സുഭാഷ് ദുബായിലാണ്. അമ്മ സൗമ്യ തൃശൂരിൽ സ്വകാര്യ മൊബൈൽ കന്പനിയിൽ ജീവനക്കാരിയാണ്.
സൂക്ഷിക്കുക..നടക്കുന്പോൾകാനയിലൊരു കണ്ണു വേണം…
നഗരത്തിലൂടെ നടക്കുന്നവർ സൂക്ഷിക്കുക… കാനയിലൊരു കണ്ണുവേണം…അല്ലെങ്കിൽ ഒരു പക്ഷേ, നിങ്ങളും കാനയിൽ വീണേക്കാം.
ഇന്നലെ ഹോളിഫാമിലി സ്കൂൾ വിദ്യാർഥിനി നന്ദനയ്ക്കുണ്ടായ അപകടം പോലെ ഏതു നിമിഷവും നഗരയാത്രികർക്ക് അത്യാഹിതം സംഭവിക്കാം. പലയിടത്തും ഇത്തരം അപകടക്കാനകൾ ആളുകളെ വീഴ്ത്താനായി സ്ലാബില്ലാത്ത രീതിയിൽ കിടപ്പുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കാനകൾ പലതും മൂടിയിട്ടുണ്ടെങ്കിലും സ്ലാബില്ലാത്ത കാനകളും നഗരത്തിലെ പലയിടത്തുമുണ്ട്.
തകർന്ന റോഡുകളിലൂടെ നടക്കാൻ കഴിയാതെ ഫുട്പാത്തിലൂടെ കയറി നടക്കുന്പോൾ അവിടെ അതിലും വലിയ അപകടക്കുഴിയുണ്ടെന്നും മറക്കരുത്.
വിദ്യാർഥിനി വീണതോടെ മേയറുടെ കണ്ണു തുറന്നു
തൃശൂർ: ഒരു സ്കൂൾ വിദ്യാർഥിനി കാനയിൽ വീണ് കാലൊടിഞ്ഞതോടെ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉണർന്നു. ഉടൻ നിർദേശവുമായി രംഗത്തെത്തി.
കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള കാനകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബിടാനാണു നിർദേശം നൽകിയിരിക്കുന്നത്.
സ്കൂളുകളുടെ പരിസരത്തുള്ള റോഡുകളിലെ കുഴികൾ അടയ്ക്കാനും നിർദേശം നൽകി. അപകടം സംഭവിച്ച് ആശുപത്രിയിലായ വിദ്യാർഥിനിയെ മേയർ സന്ദർശിച്ചു.