കോട്ടയം: ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓട നന്നാക്കുന്നതിനുള്ള നടപടിയായി. കോട്ടയം – കുമരകം റോഡിൽ ബേക്കർ ജംഗ്ഷനും ദീപികയ്ക്കുമിടയിൽ അപകടകരമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഓടയാണ് നന്നാക്കുന്നത്. താലൂക്ക് വികസന സമിതിയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യമറിയിച്ചത്.
ബേക്കർ ജംഗ്ഷൻ മുതൽ ആരംഭിക്കുന്ന ഓടനവീകരണത്തിന്റെ ഭാഗമായി ഈ ഭാഗവും നന്നാക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകരമായ രീതിയിൽ ഓട പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കാണിച്ച് കേരള കോണ്ഗ്രസ് ബി ജില്ലാ സെക്രട്ടറിയും വികസന സമിതിയംഗവുമായ സാൽവിൻ കൊടിയന്തറയാണ് വിഷയം വികസന സമിതിക്കു മുന്പാകെ അവതരിപ്പിച്ചത്.
ദിവസവും നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നു പോകുന്ന വഴിയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഓട വലിയ അപകട സാധ്യതയാണ് സൃഷ്്ടിക്കുന്നത്. കുമരകം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും ഓടയ്ക്കു സമീപത്തുള്ള വെയ്റ്റിംഗ് ഷെഡിലാണ്. ഓടയിൽ നിന്നുമുള്ള രൂക്ഷമായ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും സാധിക്കുന്നില്ല.