ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പുതിയ പദ്ധതികൾ പലതും നടപ്പാക്കിയിട്ടും മാർക്കറ്റിലും ബസ്സ്റ്റാൻഡിലും ദുർഗന്ധം പരത്തുന്ന ഓടയ്ക്ക് മൂടി ഇടുന്ന കാര്യത്തിൽ തിരുമാനം ഒന്നും ആയിട്ടില്ല. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിന് സമീപമാണ് മാർക്കറ്റിനുള്ളിലെ മലിന ജലം ഒഴുകിപ്പോകുന്ന ഓട മൂടിയില്ലാതെ കിടക്കുന്നത്.
മാർക്കറ്റ് നവീകരിച്ചപ്പോൾ മാർക്കറ്റിനുള്ളിലെ മലിന ജലം സമീപത്തെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ഓട നിർമിച്ചത്.എന്നാൽ അന്ന് ഓടയ്ക്ക് സ്ലാബിന് പകരം ഇരുന്പ് കന്പികൾ ഉപയോഗിച്ച് നിർമിച്ച ഗ്രില്ലുകളാണ് സ്ഥാപിച്ചത്.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഇരുന്പ് കന്പികൾ തുരുന്പ് എടുക്കുകയും മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ കയറിയതോടെ വളഞ്ഞ് പോവുകയും ചെയ്തിരുന്നു. ഇതോടോപ്പം തന്നെ ട്രീറ്റ്മെന്റ് പ്ലാന്റ് പൂട്ടിപോവുകയും ചെയ്തതോടെ ഓടയ്ക്കുള്ളിൽ വെള്ളം കെട്ടി കിടക്കുന്നത് പതിവാണ്. പതിവായി വെള്ളം കെട്ടി കിടക്കുന്നതോടെ പ്രദേശമാകെ വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
മത്സ്യമാർക്കറ്റിലെ അവശിഷ്ടങ്ങൾ കൂടി കലർന്ന വെള്ളമായതിനാൽ വലിയ ദുർഗന്ധമാണ് പ്രൈവറ്റ് സ്റ്റാൻഡിൽ ഉൾപ്പടെ അനുഭവപ്പെടുന്നത്. സമീപത്ത് തന്നെ പ്രവർത്തിക്കുന്ന നഗരസഭയ്ക്കുള്ളിലും വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്ന് നഗരസഭ അംഗങ്ങൾ തന്നെ അംഗീകരിക്കുന്നുണ്ട്.
ട്രീറ്റ്മെന്റ് പ്ലാന്റ് പുനർനിർമിക്കാനും മുടങ്ങി കിടക്കുന്ന ചിറക്കുളത്തിന്റെ പുനർ നവീകരണം ആരംഭിക്കുന്നതിനോടോപ്പം തന്നെ ഓടയിൽ സ്ലാബുകൾ മാറ്റി സ്ഥാപിക്കാനും പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇതുവരെയും ഒന്നും നടന്നിട്ടില്ല. പുതിയ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് ഇതിന് സമീപം തന്നെയാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതിയോടൊപ്പം തന്നെ പുതിയ സ്ലാബുകൾ സ്ഥാപിക്കും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.