ഇരിട്ടി: ടൗണിലെ ഓവുചാലുകളിൽ ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നതിനാൽ കാലവർഷം കനത്താൽ ഇരിട്ടി ടൗൺ വെള്ളത്തിലാകും. പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് തഹസില്‍ദാര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്കി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരിട്ടി നഗരം പ്രളയക്കെടുതിയില്‍ വീര്‍പ്പുമുട്ടുകയാണ്. ദിവസങ്ങളോളം കച്ചവട സ്ഥാപനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്.
അതില്‍ മുക്തമായി ക്രമേണ വ്യാപാരികള്‍ തിരിച്ചെത്തിയപ്പോഴാണ് കോവിഡ് എന്ന മഹാമാരി വ്യാപാരികളെ കടക്കെണിയിലാക്കിയത്. അതില്‍ നിന്നും മുക്തമാകും മുന്‍പ് അടുത്ത പ്രളയത്തിലേക്കാണ് ഇരിട്ടി അടുത്തുകൊണ്ടിരിക്കുന്നത്.
പ്രളയംമൂലം എത്തുന്ന വെള്ളത്തിന് ഒഴുകിപ്പോകാനുള്ള ടൗണിലെ ഓവുചാലുകളില്‍ ചിലതെല്ലാം മണ്‍കൂന വന്നു നിറഞ്ഞ് വെള്ളം ഒഴുകാനാകാത്ത നിലയിലാണ്.
ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണെണമെന്നാവശ്യപ്പെട്ടാണ് ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ തഹസില്‍ദാര്‍ക്കും നഗരസഭയ്ക്കും നിവേദനങ്ങള്‍ നല്‍കിയത്.