ഏറ്റുമാനൂർ: മാലിന്യവാഹിനിയായ ഓട ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കി. ഏറ്റുമാനൂർ പാറക്കണ്ടത്തിനു സമീപമുള്ള ഓടയാണ് പ്രദേശത്തെ 50ഓളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. ഓടകളുടെ സ്ലാബുകൾ തകർന്നതോടെയും വശങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്തതോടെയാണ് മാലിന്യം ഒഴുകിപ്പോകാതെ ഒാടയിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ 37 വർഷമായി ഒാടയിൽനിന്നുള്ള ദുർഗന്ധം മൂലം മൂക്കു പൊത്തി കഴിയേണ്ട ഗതികേടിലാണ് സമീപവാസിയായ പാണം തെക്കേതിൽ പി.കെ രവീന്ദ്രനും കുടുംബവും.
മഴ പെയ്യുന്പോൾ ഒാട നിറഞ്ഞ് സമീപത്തെ വീടുകളിലേക്കും വർക്ഷോപ്പിലേക്കും മലിനജലം ഒഴുകിയെത്തും. ഇതോടെ രവീന്ദ്രന്റെ വീട്ടിലെ കിണർ വെള്ളം സ്ഥിരമായി ചീത്തയാകാറുണ്ട്. ഇപ്പോൾ കിലോക്കണക്കിന് ബ്ലീച്ചിംഗ് പൗഡർ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. മാലിന്യം വീടിനു മുൻപിൽ കെട്ടിക്കിടക്കുന്നതോടെ പ്രത്യേകമായി മോട്ടോറും പൈപ്പും തയാറാക്കി വച്ച് ഓട കഴുകി വൃത്തിയാക്കേണ്ട ഗതി കേടിലാണ് രവീന്ദ്രൻ.
മലിനീകരണ നിയന്ത്രണ ബോർഡിലും ബന്ധപ്പട്ട സർക്കാർ വകുപ്പുകളിലും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു വിധത്തിലുമുള്ള നടപടിയുണ്ടായിട്ടില്ല. ഏറ്റൂമാനൂർ ടൗണിലെ കടകളിലെയും മറ്റും മാലിന്യം തള്ളുന്നത് ഈ ഓടയിലേക്കാണ്.