മേലൂർ: കാനയ്ക്കു മുകളിലെ സ്ലാ ബ് റോഡിനേക്കാളും ഉയരത്തിൽ, വീട്ടുകാർ കുടുങ്ങി.മേലൂർ പഞ്ചായത്ത് അടിച്ചിലിയിൽ എട്ടു വീടുകൾക്കു മുന്നിലൂടെ കടന്നു പോകുന്ന ഡ്രൈനേജിന്റെ മുകളിൽ മൂന്നു വീടുകൾക്കു മുന്നിലായാണു വലിയ സ്ലാബ് നിർമിച്ചത്.
ഇത് റോഡിനേക്കാളും ഉയരത്തിലായതു മൂലം കയറിയിറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി വീട്ടുകാർ പറയുന്നു.മാസങ്ങളായി തങ്ങളുടെ വാഹനങ്ങൾ സമീപ പ്രദേശങ്ങളിലാണു പാർക്ക് ചെയ്തു വരുന്നത്.
ഇത്തരം പ്രവർത്തനം കഴിയുന്നതിന് അനുസരിച്ച് ക്വാറി വേസ്റ്റ് ഇട്ട് സ്ലാബ് റോഡിനൊപ്പം ആക്കാറുണ്ടെങ്കിലും ഇവിടെ അത്തരമൊരു സൗകര്യം ഒരുക്കിയിട്ടില്ലന്നും പരാതിയുണ്ട്.
മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി റോഡ് പൊളിക്കൽ തുടങ്ങുന്പോൾ നിലവിൽ ഉള്ളതിലും കൂടുതൽ താഴ്ച ഇവിടെ വരുമെന്നും നാട്ടുകാർ പറയുന്നു.
അവശേഷിക്കുന്ന വീടുകൾക്കു മുന്നിൽ ശരിയായ രീതിയിൽ സ്ലാബ് നിർമിക്കണമെന്നും കാന പൂർണമായും അടച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെട്ടു.