തൃശൂർ: കാനകൾ വൃത്തിയാക്കാത്തതിനാൽ മഴവെള്ളം ഒഴുകി പോകുന്നില്ലെന്ന പരാതി വ്യാപാകമാകുന്പോഴാണ് പ്രളയത്തിനിടയിലും കാന നിർമാണം നടത്തുന്നത്. തൃശൂർ-മണ്ണുത്തി റോഡിൽ കിഴക്കുന്പാട്ടുകര മുതൽ പറവട്ടാനി ഭാഗത്തേക്കാണ് കാന നിർമാണം തകൃതിയായി നടക്കുന്നത്. വെള്ളം വരുന്നത് ഒഴുകിപോകാൻ നിർമിക്കുന്ന കാന പക്ഷേ മഴ വെള്ളം തടഞ്ഞു നിർത്തിയാണ് സ്ലാബ് വാർക്കുന്നത്. മഴയിൽ സ്ലാബ് വാർത്തിട്ടാൽ എത്ര ബലമുണ്ടാകുമെന്നൊന്നും ചോദിക്കരുത്. എങ്ങനെയെങ്കിലും കാന നിർമാണം നടത്തണം. അത്രമാത്രം.
കോർപറേഷൻ ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ വാർഡിൽ തന്നെയാണ് മഴക്കാലത്ത് കാന നിർമാണം പുരോഗമിക്കുന്നത്. പണിക്കാർ ബംഗാളികളായതിനാൽ കേരളത്തിൽ മഴ വരുന്ന സമയം അറിയാത്തതാണ് കാന നിർമാണം ഈ മഴക്കാലത്തു തന്നെ നടത്താൻ തീരുമാനിച്ചതെന്നാണ് ആളുകളുടെ അഭിപ്രായം. പിഡബ്ല്യൂഡി റോഡിന്റെ വശത്തുള്ള കാനകൾ കോണ്ക്രീറ്റ് ചെയ്താണ് നിർമിക്കുന്നത്.
മഴയ്ക്കുമുന്പേ കാന നിർമാണങ്ങളും കാന വൃത്തിയാക്കലും നടത്തണമെന്ന് എല്ലാവർക്കും നിർദ്ദേശം കൊടുക്കുന്ന കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ വാർഡിൽ തന്നെ മഴക്കാലത്ത് കാന നിർമാണം നടത്തുന്നത് വിരോധാഭാസമായി. പ്രളയം വന്നിട്ടും ഇവിടെ കാന നിർമാണത്തിന് ഒരു തടസവുമില്ല.
കാനകളിൽ വെള്ളം നിറഞ്ഞാലും നിർമാണം പുരോഗമിക്കുകയാണ്. വേണ്ടത്ര ഉറപ്പ് വേണമെന്നൊന്നും ഉദ്യോഗസ്ഥർക്കുമില്ല. എങ്ങനെയെങ്കിലും പണികൾ തീർത്ത് പണം വാങ്ങണമെന്നു മാത്രമാണ് കരാറുകാരനും. എതിർക്കാൻ കോർപറേഷൻ ഭരണാധികാരികളും ഇല്ലാത്തതിനാൽ കാന നിർമാണം തുടരുകയാണിവിടെ.
കാനകൾ നിർമിക്കുന്നതിന് വേനൽകാലത്ത് സമയമുണ്ടായിട്ടും പ്രളയകാലത്ത് കാന നിർമാണം നടത്തുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. മഴ മാറി നിന്നിട്ടും കോർപറേഷൻ പരിധിയിൽ പലയിടത്തും വെള്ളം ഒഴുകി പോകാത്തതിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. കാനകൾ യഥാസമയം വൃത്തിയാക്കാത്തതിനാലാണ് വെള്ളം താഴാത്തതെന്നാണ് ആക്ഷേപം. ഇത്തരം ആക്ഷേപങ്ങൾ നിലനിൽക്കുന്പോഴാണ് മറ്റു സർക്കാർ വകുപ്പുകൾ ഇത്തരത്തിൽ കോർപറേഷൻ പരിധിയിൽ നിർമാണങ്ങൾ നടത്തി കൂടുതൽ പരാതികൾക്ക് വഴിവയ്ക്കുന്നതത്രേ.