കൊച്ചി: എറണാകുളം പനന്പിള്ളി നഗറിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്ക്. കുട്ടിയുടെ അമ്മയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കടവന്ത്രയിലെ മെട്രോ സ്റ്റേഷനിൽനിന്ന് ഇറങ്ങി വാക് വേയിലൂടെ അമ്മയ്ക്കൊപ്പം പനന്പിള്ളിനഗർ ഭാഗത്തേക്ക് പോകുകയായിരുന്നു കുട്ടി.
നടപ്പാതയിൽ പുറംഭാഗം അടയ്ക്കാത്ത ഡ്രെയിനേജിന്റെ വിടവിലേക്ക് കുട്ടി വീണു പോകുകയായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ കാനയിൽ ഒരു മീറ്ററിലധികം വെള്ളം ഉണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയുടെ അമ്മ കാലുകൊണ്ട് കുഞ്ഞിനെ തടഞ്ഞുനിർത്തിയതിനാൽ കുഞ്ഞ് ഒഴുകിപ്പോകാതെ രക്ഷപ്പെട്ടു.
കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ചേർന്ന് കുട്ടിയെ കാനയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടി പൂർണമായും മുങ്ങിപ്പോയിരുന്നു.
ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. വീഴ്ചയിൽ തലയ്ക്ക് ചെറിയ മുറിവുണ്ട്. അഴുക്കു വെള്ളം കുഞ്ഞ് കുടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം ഈ കാന മൂടണമെന്നാവശ്യപ്പെട്ട കൗണ്‍സിലറും പരിസരവാസികളും അടക്കം രണ്ടുതവണ നഗരസഭ മേയർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന ആക്ഷേപം ഉയരുകയാണ്.
കാന മൂടാനുളള ഫണ്ടില്ലെന്നും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള വലിയ കാന മൂടാനാകില്ലെന്നുമാണ് മേയർ അറിയിച്ചതെന്നാണ് കൗണ്‍സിലറും സമീപവാസികളും പറയുന്നത്.
എംജി റോഡ് തേവര വഴി പേരണ്ടൂർ കനാലിലേക്കാണ് ഈ വലിയ കാന പോകുന്നത്. കുട്ടി ആശുപത്രി വിട്ട ശേഷം നഗരസഭയുടെ അനാസ്ഥയ്ക്കെതിരേ പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് ഹർഷകുമാർ പറഞ്ഞു. തേവര പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.