വടകര: റെയിൽവെ സ്റ്റേഷൻ റോഡിലെ നടപ്പാതയിൽ അപകടം പതിയിരിക്കുന്നു. തകർന്നതും നിരപ്പില്ലാത്തതുമായ സ്ലാബുകളിലൂടെയുള്ള കാൽനട യാത്ര പലപ്പോഴും അപകടത്തിലാണ് അവസാനിക്കുന്നത്. നടപ്പാത നേരെയാക്കണമെന്ന മുറവിളി അധികാരികൾ കേട്ട ഭാവം നടിക്കുന്നില്ല.
എടോടിയിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിലേക്കും മറ്റും ആളുകൾ നടന്നുപോകുന്നതിന് വേണ്ടി റോഡിനു വടക്കുഭാഗത്തു നിർമിച്ച ഫുട്പാത്താണ് വില്ലനായിരിക്കുന്നത്. ഇതിനിടയിലെ വിടവുകളിൽ കുടുങ്ങി പരിക്കേൽക്കുന്ന സംഭവം വർധിക്കുകയാണ്.
പകൽപോലും അപകടം ഉണ്ടാകുന്പോൾ രാത്രിയിലെ കാര്യങ്ങൾ വിവരണാതീതമാണ്. നേരാം വണ്ണം തെരുവുവിളക്കില്ലാത്തതിനാൽ ഫുട്്പാത്തിലൂടെയുള്ള നടത്തം എളുപ്പം അപകടത്തിലേക്ക് നയിക്കുന്നു. ട്രെയിൻ എത്തിയാൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി നടന്നുപോകുന്ന വഴിയിലാണ് അപകടക്കെണിയുള്ളത്.
പലരും സ്ലാബുകൾക്കിടയിലൂടെ ഓവുചാലിൽ വീഴുകയാണ്. ഇതിനു പരിഹാരം ഉണ്ടാകാത്തതിലാണ് ഏവർക്കും അതിശയം. അധികാരികളുടെ ശ്രദ്ധയിൽപെടുത്തി മടുത്തെന്നാണ് ആളുകളുടെ വിമർശനം.