നടവയൽ: പൂതാടി പഞ്ചായത്തിലെ പത്തൊന്പതാം വാർഡിലുള്ള ചീങ്ങോട് ഓടച്ചോല പണിയ കോളനി ദുരുതങ്ങൾക്ക് നടുവിൽ. വാസയോഗ്യമായ വീടും സഞ്ചാരയോഗ്യമായ വഴിയും ഇല്ലാതെ കഷ്ടപ്പെടുകയാണ് കോളനിവാസികൾ. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതും ദുരിതം വർധിപ്പിക്കുകയാണ്.
സന്തോഷ്-അംബിക,മണി-ലത,അയ്യപ്പൻ- ലീലാമണി, വെള്ളി-മൂക്കി, ബെന്നി-തങ്കമ്മ, സുബ്രഹ്മണ്യൻ-ശാന്ത, അഭിലാഷ്-സിന്ധു ദന്പതികളും കുടുംബാംഗങ്ങളുമാണ് കോളനിയിലുള്ളത്. ഒരു കുടുംബത്തിനും വാസയോഗ്യമായ വീടില്ല. നിലംപതിക്കാറായ മൂന്നു വീടുകളിലാണ് ഇത്രയും കുടുംബങ്ങൾ കഴിയുന്നത്.
വീടുകളിലൊന്നിൽ പിഞ്ചു കുട്ടികളടക്കം 27 പേരാണ് താമസിക്കുന്നത്. ഈ ദൈന്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരകേന്ദ്രങ്ങൾക്കു കുലുക്കമില്ല. നാലു വർഷം മുന്പ് കോളനിയിൽ അനുവദിച്ച വീടുകളുടെ പ്രവൃത്തി പൂർത്തിയാക്കുന്നതിനു നടപടി ഉണ്ടാകുന്നില്ല. തറയിൽ ഒതുങ്ങിയിരിക്കയാണ് എല്ലാ വീടുകളുടെയും നിർമാണം.
സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാണ് കോളനിക്ക് ചുറ്റുമുള്ള സ്ഥലം. അതിനാൽ കോളനിക്കു പുറത്തേക്കും തിരിച്ചുമുള്ള യാത്ര സ്വകാര്യവ്യക്തികളുടെ ഒൗദാര്യത്തിലാണ്. ചിങ്ങോട് ജംഗ്ഷനിൽനിന്നു കോളനി പരിസരത്തേക്ക് റോഡുണ്ട്.