ചാത്തന്നൂർ: ദേശീയ പാതയിൽ നിന്നും ആരംഭിച്ച ഓട നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു.മലിന ജലം റോഡിൽ കൂടി ഒഴുകുന്നു.ദേശീയപാത കാരംകോട് ജെ എസ് എം അശുപത്രിക്ക് സമീപത്ത് നിന്നും ഊറാംവിള കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുൻവശത്ത് കൂടി ചാത്തന്നൂർ തോട്ടിൽ വെള്ളം ഒഴുക്കി വിടേണ്ട ഓടയാണ് പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ചത്.
ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ അവസാനിപ്പിച്ച ഓട നിർമ്മാണം മൂലം ഓടയിയിലൂടെ കുത്തൊഴികി വരുന്ന മാലീന്യങ്ങൾ കെ എസ് ആർ ടി സി ഡിപ്പോയിലേക്കും റോഡിലൂടെയും ഒഴുകിയിറങ്ങുന്നു.ഇത് വഴിയാത്രക്കാർക്കും ബസ് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാന്റിലേക്കുളള റോഡിന്റെ വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് ഒരു വർഷം മുൻപ് പണി തുടങ്ങി.ഇതോടൊപ്പമാണ് ഓട നിർമ്മാണം ആരംഭിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ പി ഡബ്ലു ഡി അധികൃതരുടെ ഒത്താശയോടെ റവന്യൂ ഭൂമി വെട്ടിമുറിച്ച് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പി ഡബ്ള്യു ഡി യുടെ ചിലവിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് റോഡ് നിർമ്മിച്ച് നൽകാൻ നീക്കം നടന്നു.
ഇതിനെതിരെ പ്രദേശവാസികളും ബി ജെ പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നു. റവന്യൂ ഭൂമി കൈയേറി ഇരുപത്തഞ്ച് മീറ്റർ നീളത്തിൽ സർക്കാർ ചിലവിൽ പത്തടിയിൽ താഴ്ചയിൽ ഇരു വശങ്ങളിലും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് മണ്ണ് നിറച്ച് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് റോഡ് നിർമ്മിച്ച് നൽകുന്നത് ഉപേക്ഷിക്കണമെന്നായിരുന്നു ബിജെപി യുടെ ആവശ്യം .
എന്നാൽ പ്രതിഷേധം ശക്തമായതോടെ റോഡ് നിർമ്മാണം പി ഡബ്ള്യൂ ഡി ഉപേക്ഷിക്കുകയും ഇതു വഴിയുള്ള ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ.
ു