തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാംവരവിനെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി. ബിജെപി സംഘടിപ്പിക്കുന്ന, രണ്ടുലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ വടക്കുംനാഥന്റെ മണ്ണിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും.
ഉച്ചയ്ക്ക് രണ്ടിന് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. ജില്ലയിലെങ്ങും മോദിക്ക് സ്വാഗതമോതിക്കൊണ്ടുള്ള പടുകൂറ്റൻ ഫ്ളെക്സുകളും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും ഉയർന്നിട്ടുണ്ട്. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോയ്ക്ക് ശേഷം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സമ്മേളനനഗരിയിലേക്ക് 90 ശതമാനവും സ്ത്രീകളെയായിരിക്കും പ്രവേശിപ്പിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ എംപി സുരേഷ്ഗോപി എന്നിവരടക്കമുള്ള ഏതാനും പുരുഷനേതാക്കൾക്കു മാത്രമായിരിക്കും സമ്മേളനനഗരിയിലേക്ക് പ്രവേശനം. നടി ശോഭന, ബീനാ കണ്ണൻ, ഡോ.എം. എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.