ഭുവനേശ്വര്‍: മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറില്‍ നൂറിലധികം കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമോ ? ലിച്ചിപ്പഴം കഴിച്ചതു കൊണ്ടാണ് കുട്ടികള്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നതോടെ ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ഒഡീഷ സര്‍ക്കാര്‍. വിപണിയില്‍ ലഭിക്കുന്ന ലിച്ചിപ്പഴത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാകുന്ന എന്തെങ്കിലും ഉണ്ടോ എന്നറിയുന്നതിനാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസങ്ങളായി ബിഹാറിലെ മുസ്സാഫര്‍പൂറില്‍ നൂറോളം കുട്ടികളാണ് മസ്തിഷ്ക ജ്വരവും ജപ്പാന് ജ്വരവും ബാധിച്ച് മരിച്ചത്. ഇതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. രോഗം നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
രാജ്യത്ത് 1954 മുതല്‍ ലിച്ചി കൃഷി നടക്കുന്നുണ്ട്. ജൈവവൈവിധ്യമുള്ള 15 വ്യത്യസ്ഥ തരം വിഭാഗത്തെ 33 തരം ലിച്ചി പഴമാണ് ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നത്. ആസ്സാം, ബീഹാര്‍, ഒഡീഷ, പഞ്ചാബ്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ലിച്ചി കൃഷിയുള്ളത്.