ഭുവനേശ്വർ: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും പിടികൂടി തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂർബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. തല മൊട്ടയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. 21 പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
യുവതിയുടെ വീട്ടിലെത്തിയ സമയത്താണ് യുവാവിനെ നാട്ടുകാർ പിടികൂടിയത്. യുവതിയും യുവാവും തമ്മിൽ രഹസ്യബന്ധമുണ്ടെന്നും ഇവർ പ്രണയത്തിലാണെന്നും ആരോപിച്ചായിരുന്നു ഒരുകൂട്ടം ആൾക്കാരുടെ ആക്രമണം. തുടർന്ന് ഇരുവരെയും പിടികൂടി പരസ്യമായി തല മുണ്ഡനം ചെയ്യുകയായിരുന്നു.