ഭുവനേശ്വര്‍: ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് മല തുരന്ന് പാതയുണ്ടാക്കിയ മാഞ്ചിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹീറോയായിരിക്കുന്നത് വേറൊരു മാഞ്ചിയാണ്. 70കാരനായ ദൈതരി നായിക് എന്ന് ഒഡീഷക്കാരന്‍ ആദിവാസി വൃദ്ധനാണ് പുതിയ മാഞ്ചി.
ഗ്രാമത്തിലെ ജലദൗര്‍ലഭ്യം രൂക്ഷമായ സമയത്താണ് മണ്‍വെട്ടിയുമെടുത്ത് ഒരു മല തുരക്കാനായി ദൈതരി നായിക് പുറപ്പെടുന്നത്. മൂന്നു വര്‍ഷം കൊണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ മല തുരന്ന് സ്വന്തം ഗ്രാമത്തില്‍ വെള്ളമെത്തിച്ചതോടെ ഗ്രമത്തിലെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മുത്തശ്ശന്‍.ഒഡീഷയിലെ കിയോന്‍ജര്‍ ജില്ലയിലെ ഗൊനാസിക്ക മല കടന്നു തലബൈതരണി എന്ന ഗ്രാമത്തില്‍ വെള്ളം എത്തിക്കുക എന്നതായിരുന്നു മുത്തശ്ശന്റെ ലക്ഷ്യം. പദ്ധതി കേട്ടതോടെ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഇദ്ദേഹത്തെ പരിഹസിച്ചുവിട്ടു. എന്നാലും തീരുമാനത്തില്‍ നിന്നും പിന്മാറുന്നതിന് ദൈതരി തയ്യാറായില്ല.
ആത്മാര്‍ഥതയോടെ നായിക് ജോലി തുടര്‍ന്നതോടെ നാലു സഹോദരന്മാരും ഇദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട് മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ഒടുവില്‍ 2013ല്‍ കനാല്‍ ഗ്രാമത്തിനടുത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ അത്ഭുതപ്പെട്ടത്. മുമ്പ് പരിഹസിച്ച എല്ലാവരും ദൈതരിയുടെ ദൗത്യം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ മുത്തശ്ശന്റെ പ്രവര്‍ത്തിയോടെ ഗ്രാമത്തിലെ ജല ദൗര്‍ലഭ്യം പൂര്‍ണമായും മാറുകയും ചെയ്തു.