ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണം നഷ്ടപ്പെട്ട ബിജു ജനതാദള്‍ നിഴല്‍ മന്ത്രിസഭ പ്രഖ്യാപിച്ചു. 50 എംഎല്‍എമാര്‍ക്കാണ് മുൻ മുഖ്യമന്ത്രി നവീന്‍ പട്നായിക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിഴൽമന്ത്രിസഭ സൂക്ഷ്മമായി നിരീക്ഷിക്കും.
ഭരണത്തിലുള്ള ബിജെപി മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്.
മുന്‍ മന്ത്രി നിരഞ്ജന് പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല.
പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പ് നിരീക്ഷിക്കാൻ പ്രതാപ് ദേബിനെയും ചുമതലപ്പെടുത്തി. മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആണ് ആരംഭിക്കും.