ഭുവനേശ്വർ: കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിൻ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി അറിയിച്ചു.
കോവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയിൽവേ അധികൃതർക്കും അദ്ദേഹം നന്ദി പറഞ്ഞു.
1,150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ ഞായറാഴ്ച ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാൽ,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുർ, ഗജപതി കോരാപുട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ജഗന്നാഥ്പുർ സ്റ്റേഷനിലും ബാക്കിയുള്ള ആളുകൾ ഖുർദ സ്റ്റേഷനിലും ഇറക്കി.
കേരളത്തിൽ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി സ്വന്തം നാടുകളിലേക്ക് അയച്ചു.