വന്‍ പ്രൊമോഷനോടെ തീയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസിനു ശേഷം പലരീതിയിലുള്ള വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ആളുകളില്‍ വന്‍ പ്രതീക്ഷ ജനിപ്പിച്ചെത്തിയ ചിത്രം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നായിരുന്നു വിമര്‍ശനം. ചിത്രത്തെ ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ചിത്രം പരാജയമാകുമെന്ന പ്രതീതിയും ഉണ്ടായി.
എന്നാല്‍ ഒരൊറ്റ ആഴ്ച കൊണ്ട് കഥയാകെ മാറി.വിമര്‍ശകരുടെ വായടപ്പിക്കുംവിധമാണ് തീയറ്ററുകളിലേക്കു ജനം എത്തുന്നത്. സിനിമയെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഗാനങ്ങള്‍ കയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. അടുത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഇത്രയും ഹിറ്റായിക്കാണില്ല. ആരാധകരെ ആവേശത്തിലാക്കിയായിരുന്നു ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനത്തിന്റെ വരവ്. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം കണ്ടതു ലക്ഷങ്ങളാണ്. ട്രെന്റിങ്ങില്‍ ഒന്നാമതെത്തി ഗാനം. നാലു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരുമായി റിക്കാര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ഈ ഗാനത്തിന്റെ ലിറിക് വിഡിയോ.
‘മാനം തുടുക്കണ്’ എന്ന ഗാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മുപ്പതു ലക്ഷം ആളുകളാണ് ഗാനം കണ്ടത്. ചിത്രത്തിലേതായി ആദ്യം പുറത്തുവന്ന വിഡിയോ ഗാനമായിരുന്നു ഇത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രെന്റിങ്ങില്‍ ഈ ഗാനവും ഒന്നാമതെത്തിയിരുന്നു. മോഹന്‍ലാല്‍ പാടിയ ‘ഏനൊരുവന്‍’ എന്ന ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടു ദശലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാരായി ഇപ്പോള്‍ ഗാനത്തിന്. ഒടുവിലായി എത്തിയ ‘മുത്തപ്പന്റെ ഉണ്ണി’ എന്ന ഗാനവും പത്തുലക്ഷത്തില്‍ പരം ആളുകള്‍ കണ്ടു. പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍ എന്നിവരാണു വരികള്‍ എഴുതിയിരിക്കുന്നത്. എം.ജി. ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, മോഹന്‍ലാല്‍, സുദീപ് കുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവരാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീതം.