തൃശൂർ: തൃശൂർ പൂരത്തിന്റെ പൂരപ്പന്തലിനോളം ഉയരത്തിൽ ഒടിയൻ ഉയർന്നു. നാളെ റിലീസ് ചെയ്യുന്ന, മോഹൻലാൽ ആരാധകരും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ പടുകൂറ്റൻ കട്ടൗട്ട് തൃശൂർ രാഗം തിയറ്ററിൽ ഉയർത്തിക്കഴിഞ്ഞു. പൂരപ്പന്തലിനോളം പൊക്കത്തിലാണ് കട്ടൗട്ട്.
ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് കാണുന്നവർക്ക് വിസ്മയം തോന്നുന്ന തരത്തിൽ ഒടിയന്റെ ഈ കട്ടൗട്ട് സ്ഥാപിച്ചത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു ഭീമൻ കട്ടൗട്ട് തയ്യാറാക്കിയതെന്ന് എ.കെ.എം.എഫ്.സി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബിൻ മണ്ണംപേട്ട പറഞ്ഞു. വരാക്കര കാളക്കല്ല് സ്വദേശികളായ ഹരിശ്രീ-വിനുശ്രീ എന്നിവരാണ് പ്ലൈവുഡിൽ ഒടിയൻ മാണിക്യന്റെ രൂപം വരച്ചത്.
മാണിക്യൻ വിരൽചൂണ്ടി നിൽക്കുന്ന ചിത്രം ഫോട്ടോകളെ വെല്ലുന്ന തരത്തിലാണ് ഇവർ പ്ലൈവുഡിലേക്ക് പകർത്തിയത്. പ്ലൈവുഡിൽ നിന്നും മാണിക്യന്റെ രൂപം കൃത്യതയോടെ വെട്ടി രൂപപ്പെടുത്തിയ ദീപക്കിനും കട്ടൗട്ട് ഉയർന്നപ്പോൾ ചെയ്ത വർക്കിൽ നൂറു ശതമാനം സംതൃപ്തി. തൃശൂർ കോലോത്തുംപാടത്തുള്ള ഗോപിയാണ് കട്ടൗട്ട് സ്ഥാപിക്കുന്നതിനുള്ള പന്തലൊരുക്കിയത്.
നിരവധി മുളകളും ഇരുന്പുപൈപ്പുകളുമെല്ലാം ഉപയോഗിച്ച് പലദിക്കിലേക്ക് വടമിട്ട് വലിച്ചുകെട്ടി ഏറ്റവും സുരക്ഷിതമായി പൂരപ്പന്തലൊരുക്കും പോലെ എല്ലാ സുരക്ഷയുമൊരുക്കിയാണ് ഈ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നതെന്ന് എ.കെ.എം.എഫ്.സി.ഡബ്ല്യു.എ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ടായിരിക്കും തൃശൂരിലേതെന്നും ഇവർ അവകാശപ്പെട്ടു. പരിസ്ഥിതിക്ക് ദോഷമാകുന്ന ഫ്ളെക്സുകൾക്ക് പകരമാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും കട്ടൗട്ടിന്റെ ചിത്രം മോഹൻലാലിനും അണിയറ പ്രവർത്തകർക്കും അയച്ചുകൊടുക്കുമെന്നും എ.കെ.എം.എഫ്.സി.ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ് ബിജു കരിപ്പക്കുന്ന് പറഞ്ഞു.
നാളെ രാവിലെ നാലരയ്ക്കാണ് തൃശൂർ രാഗത്തിൽ ഒടിയൻ തുടങ്ങുക. ഇത് ഫാൻസ് അസോസിയേഷനുവേണ്ടിയുള്ള പ്രത്യേക പ്രദർശനമായിരിക്കും.