സിനിമ കണ്ട നൂറില്‍ തൊണ്ണൂറ് പേര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടു! ഒരു സിനിമ ഉണ്ടാക്കിയിട്ട് മാര്‍ക്കറ്റ് ചെയ്യാതിരിക്കാനാവില്ലല്ലോ; ശ്രീകുമാര്‍മേനോന്‍ അതാണ് ചെയ്തത്; ഒടിയന്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍

ഏതാനും ദിവസങ്ങളായി ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനാണ് കേരളത്തില്‍ ചര്‍ച്ചാ വിഷയം. റിലീസിന് മുമ്പ് സംവിധായകന്‍, ഉള്ളതും ഇല്ലാത്തതുമെല്ലാം പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയായിരുന്നു എന്നും ആളുകള്‍ പറയുന്നു. ചിത്രത്തിലെ പല ഡയലോഗുകളെയും ആളുകള്‍ ട്രോളിനായി ഉപയോഗിക്കുന്നുണ്ട്.

തനിക്കെതിരെ ആളുകള്‍ പാര പണിയുന്നതാണെന്ന് ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിലെ അഭിനേതാക്കളാരും ഇതുവരെയും യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ഒടിയന്‍ വിഷയത്തില്‍ ചിത്രത്തിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാല്‍ തന്നെ പ്രതികരണവുമായി എത്തിയിരിക്കുന്നു.

ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഇപ്പോഴും ഓടുന്നതെന്നും സിനിമ കണ്ട നൂറില്‍ തൊണ്ണൂറുപേര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ് ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ. തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായിട്ട് മാര്‍ക്കറ്റ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. ശ്രീകുമാര്‍ മേനോന്‍ അതാണ് ചെയ്തത്. സിനിമ കണ്ട നൂറില്‍ തൊണ്ണൂറു പേര്‍ക്കും ‘ഒടിയന്‍’ ഇഷ്ടപ്പെട്ടു.

ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ ആ സിനിമ വിജയകരമായി ഓടുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. ഒരുപാട് പേര്‍ ചിത്രം കണ്ടു. ഒരുപാട് പേര്‍ ആ ചിത്രത്തിന്റെ നന്മയെക്കുറിച്ച് എഴുതുകയും ചെയ്തു”- മോഹന്‍ലാല്‍ പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുത്തതാണ് പരാജയത്തിനു കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്.

Related posts