ആലപ്പുഴ: മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീകുമാർ മേനോൻ ചിത്രം ഒടിയനെ പ്രശംസിച്ച് മന്ത്രി ജി.സുധാകരൻ. മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുന്പിയിട്ടുണ്ടെന്നും മൂല്യബോധമുള്ള സിനിമയാണ് ഒടിയനെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിനെതിരായ കുപ്രചരണങ്ങൾ കാരണമാണ് താൻ ചിത്രം കണ്ടതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഹർത്താലിനെ അതീജിവിച്ചാണ് ഒടിയൻ പ്രേക്ഷകർക്കു മുന്നിലെത്തിയത്. പക്ഷേ പെട്ടെന്നുതന്നെ ചിത്രത്തിനെതിരെ കുപ്രചരണ വാർത്തകൾ കേട്ടു. അതുകൊണ്ട് സിനിമ കാണണമെന്ന് തോന്നി. ചിത്രം വളരെ ഇഷ്ടപ്പെട്ടു.
ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതിൽ മോഹൻലാൽ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുന്പിയിട്ടുണ്ട്. മഞ്ജു വാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെയെന്നും മന്ത്രി പ്രശംസിച്ചു.
പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ചുകൊണ്ടാണ് കഥ നീങ്ങുന്നതെന്നും ഇത് മൂല്യബോധമുള്ള സിനിമയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.