ചാലക്കുടി: പാന്പുകടിയേറ്റ് ചികിത്സയിലായ സഹോദരനെ കാണാൻ മഹാരാഷ്ട്രയിൽനിന്നും കാറിൽ പുറപ്പെട്ട അഖിലിനെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോൾ ഒടുവിൽ കേൾക്കേണ്ടിവന്നത് സഹോദരന്റെ മരണവാർത്ത.
പോട്ട ചില്ലായി ആന്റുവിന്റെ മകൻ അഖിലിനാണ് സഹോദരൻ അനിലിന്റെ മരണ വാർത്ത കേൾക്കേണ്ടിവന്നത്. കഴിഞ്ഞ ഏപ്രിൽ 11നാണ് അനിലിന് പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിവരമറിഞ്ഞ് മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പിതൃസഹോദരൻ ജെയിംസും അഖിലും ഒരു മഹാരാഷ്ട്രക്കാരന്റെ കാറിൽ കേരളത്തിലേക്ക് പുറപ്പെട്ടു.
മഹാരാഷ്ട്രയിൽനിന്നും അധികൃതരുടെ യാത്രാനുമതിയോടെ പുറപ്പെട്ട ഇവർക്ക് വഴിമധ്യേ യാതൊരു തടസങ്ങളും ഇല്ലാതെ കടന്നുപോന്നു. കേരളത്തിലും ഇവർക്ക് യാത്ര തടസമുണ്ടായില്ല.
എന്നാൽ ചാലക്കുടിയിലെത്തിയ ഇവരെ പോലീസ് പിടികൂടി. പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണാൻ വന്നതാണെന്ന വിശദീകരണമൊന്നും പോലീസ് വകവച്ചില്ല.
മഹാരാഷ്ട്ര അധികൃതരുടെ കത്തും വിലപോയില്ല. മഹാരാഷ്ട്രക്കാരനടക്കം മൂന്നുപേരെയും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാക്കി.
മരണത്തോട് മല്ലടിക്കുന്ന സഹോദരൻ അനിലിനെ ഒരു നോക്കു കാണാനാകാതെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞ അഖിലിനെ ഒടുവിൽ തേടിയെത്തിയത് സഹോദരൻ അനിലിന്റെ മരണവാർത്തയായിരുന്നു.
ഇപ്പോൾ അഖിലിന് സഹോദരന്റെ മൃതദേഹമെങ്കിലും കാണാൻ കഴിയുമോയെന്ന ആശങ്കയിലാണ്. രണ്ടുതവണ കോവിഡ് 19ന്റെ പരിശോധന നടത്തിയതിൽ മൂന്നുപേരുടെയും ഫലം നെഗറ്റീവാണ്. എന്നാൽ ഒരു പരിശോധനയുടെ ഫലം ലഭിച്ചാലെ അഖിലിന് പുറത്തുപോകാൻ കഴിയുകയുള്ളൂ.
ഇന്ന് വൈകീട്ട് നാലിനാണ് അനിലിന്റെ സംസ്കാരം. അഖിലിന് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്കാരം ഇന്നു നടത്താൻ തീരുമാനിച്ചത്.
അവസാന ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്കാര ചടങ്ങിനു മുന്പ് പരിശോധനഫലം ലഭിച്ച് രോഗമില്ലെന്ന് തെളിയിച്ച് വരണമെന്ന പ്രാർഥനയിൽ അഖിലിന്റെ പിതാവ് ആന്റുവും അമ്മ ലാലിയും ബന്ധുക്കളും കണ്ണീരോടെ കാത്തിരിക്കയാണ്.