നെന്മാറ : പ്രണയിനിയെ ആരും കാണാതെ 10 വർഷം കാത്തത് സ്വന്തം സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഓടാന്പൽ.
തന്നെ വിശ്വസിച്ചിറങ്ങി വന്ന പ്രണയിനിയെ കഴിഞ്ഞ 10 വർഷക്കാലവും യുവാവ് കാത്തത് പൊന്നുപോലെ. ശുചിമുറിപോലുമില്ലാത്ത രണ്ടാൾ മാത്രം കിടക്കാൻ കഴിയുന്ന കൊച്ചുമുറിയിൽ വീട്ടുകാർ പോലും അറിയാതെ സംരക്ഷിച്ച യുവാവിന്റെ കഥ ലോകമറിഞ്ഞതോടെ വിശ്വസിക്കാൻ കഴിയാതിരിക്കുകയാണ് പ്രദേശവാസികൾ.
അയിലൂർ കാരക്കാട്ടുപറന്പിലാണ് പ്രണയകഥയുടെ നായകനും നായികയും. കൊച്ചുമുറിയിൽ കഴിഞ്ഞ യുവതിയ്ക്ക് വീട്ടുകാർ പോലും കാണാതെ സംരക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ ലോക്കാക്കാൻ കഴിയുന്ന ഓടാന്പലും ഉണ്ടാക്കി.
മുറിയുടെ അകത്തെ ഓടാന്പൽ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോർ ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രമുണ്ടാക്കിയതും കൗതുകമായി.
രണ്ടു ചെറുവയറുകൾ ചേർത്ത് പിടിച്ചാൽ ഓടാന്പൽ നീങ്ങി അടക്കാനും, തുറക്കാനും കഴിയുന്ന രീതിയിലാണ് ഓടാന്പൽ ലോക്ക് ഉണ്ടാക്കിയത്.
അനാവശ്യമായി മുറി തുറക്കാൻ ശ്രമിച്ചാൽ ഈ രണ്ട് വയറുകളിൽ നിന്ന് ഷോക്കേൽക്കുമെന്ന് യുവാവ് പറഞ്ഞതോടെ വീട്ടുകാരും ഈ മുറിയെ മറന്നു.
യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് യുവതി. സഹോദരിമാരെ കാണാനും, സംസാരിക്കാനുമായി യുവതി വീട്ടിലെത്തുന്നത് പതിവായിരുന്നു.
ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് യുവാവിനോടൊപ്പം കഴിയുന്നതിനായി 18 വയസുകാരിയായ യുവതി വീടുവിട്ടിറങ്ങിയത്. അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെ കഴിയുന്ന വീട്ടിൽ അടുക്കളയുൾപ്പെടെ മൂന്നു മുറിയും ഇടനാഴിയും മാത്രമാണുള്ളത്.
യുവതി വീട്ടിലുള്ള വിവരം പുറത്തറിയുമോയെന്ന പേടി യുവാവിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. പണിയ്ക്ക് പോയി വീട്ടിലെത്തിയാലും വീട്ടുകാരുമായി കൂടുതലും സംസാരിക്കാതെ മുറിയ്ക്കകത്ത് ഇരിക്കുന്നത് പതിവായതോടെ വീട്ടുകാർ യുവാവിന് പ്രേതബാധയുണ്ടായതായി പറഞ്ഞ് മന്ത്രവാദ ചികിത്സ ആരംഭിച്ചു.
ഇതോടെയാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ഇരുവരും തീരുമാനിച്ചത്. വീട്ടിൽ നിന്ന് മാറി ഏഴ് കിലോമീറ്റർ അകലെ മാർച്ച് മൂന്നിനാണ് മാറി താമസിക്കാൻ തുടങ്ങിയത്. യുവാവിനെ കാണാതായതോടെ വീട്ടുകാർ നെന്മാറ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതിനിടെയാണ് യുവാവിന്റെ സഹോദരനു മുന്നിൽ പെടുന്നതും കഥയുടെ ചുരുളഴിയുന്നതും. ഇന്നലെ പോലീസിനോടൊപ്പം ഇരുവരും യുവാവിന്റെ വീട്ടിലെത്തുകയും ഇവർ ഉപയോഗിച്ച സാധനങ്ങൾ താമസം തുടങ്ങിയ വാടക വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
എന്തിനാണ് ഇതുവരെ മറച്ചുവെച്ചതെന്ന ചോദ്യത്തിന് സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയുന്ന കാലത്തിനായി കാത്തിരുന്നതെന്നാണ് യുവാവിന്റെ മറുപടി.