തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞുതുടങ്ങുകയും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ പ്രവചിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വൈദ്യുതി ഉത്പാദനം പരമാവധിയാക്കി.
ഇടുക്കിയിൽ പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുകയാണ്. ഇടുക്കിയിൽ 8.2 മെഗാ യൂണിറ്റ് വൈദ്യുതി ദിവസേന ഉത്പാദിപ്പിക്കുന്നു. ഇടുക്കിയിൽ ഇനി 30 അടി ജലംകൂടി സംഭരിക്കാൻ ശേഷിയുണ്ട്.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുതിയായ പന്പ ശബരിഗിരി പവർ ഹൗസിൽ ജൂലൈ മുതൽ തുടർച്ചയായി പരമാവധി ഉത്പാദനം നടത്തുകയാണ്. പന്പയിൽ 69% വെള്ളമുണ്ട്.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ സംഭരണശേഷി ഇനിയുമുണ്ട്. എന്നാൽ നീരൊഴുക്ക് കൂടുന്നതിനാൽ ജലം കക്കയം റിസർവോയറിലേക്ക് തിരിച്ചുവിടാൻ നിർദേശം നൽകി.
പെരിങ്ങൽകുത്ത്, കല്ലാർകുട്ടി, മൂഴിയാർ, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ ജലം ക്രമീകരിച്ച് നിയന്ത്രിതമായി ഒഴുക്കിവിടുകയാണ്.
ഷോളയാർ പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാക്കുകയും ഷോളയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ജലം ഒഴുക്കിവിടുകയും ചെയ്യുകയാണ്.
മാത്രമല്ല തമിഴ്നാട് ഷോളയാറിൽ നിന്നു കേരളത്തിലേക്കുള്ള നീരൊഴുക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഷോളയാർ കരാർ പ്രകാരം 2663 അടിയാക്കി സെപ്തംബർ മുതൽ തമിഴ്നാട്ടിന് ജലം നൽകേണ്ടതാണ്. നിലവിലെ ജലനിരപ്പ് 2661.5 അടിയാണ്.
അതേസമയം, സംസ്ഥാനത്തെ എല്ലാ വൈദ്യുതി നിലയങ്ങളിലുമായി 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 38 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്നു വാങ്ങുകയാണ്.
വൈ.എസ്. ജയകുമാർ