ഒറ്റപ്പാലം: അനന്യസാധാരണമായ അഭിനയ മികവുകൊണ്ട് ജീവിതഗന്ധികളായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികമായിരുന്നു ഇന്നലെ.
മലയാള സിനിമാലോകവും ആസ്വാദകവൃന്ദങ്ങളാരാലും ഓർമ്മിക്കാതെയാണ് ഒടുവിൽ ഉണ്ണികൃഷ്ണനെന്ന അതുല്യ നടന്റെ ചരമവാർഷികം കടന്നുപോയത്.
ഒടുവിലിന്റെ പേരിൽ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച അവാർഡും ചരമവാർഷികം പോലെ വിസ്മൃതിയിലാണ്.
ഇനിയും ആടാൻ അനേകം കഥാപാത്രങ്ങൾ ബാക്കി വച്ചായിരുന്നു ‘പെരിങ്ങോടൻ’ സിനിമയില്ലാത്ത ലോകത്തേക്ക് മറഞ്ഞുപോയത്.
സത്യൻ അന്തിക്കാടിന്റെ രസതന്ത്രത്തിലൂടെ അവസാന ഭാവ രസവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആവാഹിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ചായങ്ങൾ ഇല്ലാത്ത ഫ്രെയിമിലേക്ക് യാത്രയായിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടുവെന്ന് പ്രേക്ഷകർക്ക് ഇപ്പോഴും വിശ്വസിക്കുക പ്രയാസമാണ്.
നായക കേന്ദ്രീകൃതമായ മലയാള സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് നായകനൊപ്പമോ അതിനും മുകളിലോ നാലുപതിറ്റാണ്ടിന്റെ അഭിനയ മികവുകൊണ്ട് നടന്ന് കയറിയിട്ടുണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ.
പിന്നിട്ട കാലങ്ങൾ അത്രയും ഒടുവിൽ എന്ന മഹാനടനെ ദൈനംദിന ജീവിതത്തിൽ പലരായും അഭ്രപാളികളിൽ കണ്ടതുമാണ്.
വേഷ പകർച്ചയിലെ ഭാവ ശുദ്ധി, ജീവിതത്തിന് ശുഭം പറയുന്നത് വരെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് ഒടുവിലിന്.
ദേവാസുരത്തിലെ നീലകണ്ഠനെന്ന തളർന്ന് വീണു പോയ ആത്മസുഹൃത്തനെ കാണാൻ മന:ശക്തിയില്ലാതെ പഴയപടി ആകുന്ന ദിവസം വന്ന് കണ്ടോളം എന്ന് നിരുദ്ധകണ്ഠനായി പറഞ്ഞ് ഇടക്ക ചുമലിലേക്ക് വലിച്ചിട്ട് ഇരുളിലൂടെ അരിച്ചിറങ്ങി വന്ന നേർത്ത വെളിച്ചത്തിൽ നടന്നു മറഞ്ഞ പെരിങ്ങോടന്റെ രൂപം ദുർബലമെന്ന് തോന്നിപ്പിക്കുമെങ്കിലും ആ ശരീരത്തിൽ നിന്ന് വന്ന ശക്തമായ വേഷപകർച്ച ഇന്നും ഓരോ മലയാളിയുടെയും നെഞ്ചിനെ പൊള്ളിക്കുന്നതാണ്.
നാനൂറോളം സിനിമകൾക്കൊപ്പം സഞ്ചരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ തന്റെ വലത്തെ ചുമലിൽ സദാസമയം കൊണ്ട് നടക്കുന്ന തോർത്ത് മുണ്ടിനെ പോലും അഭിനയ മുഹൂർത്തങ്ങളെ തീവ്രമാക്കാൻ അതി വിദഗ്ധമായി ഉപയോഗിച്ചിരുന്നത് തൊട്ടറിഞ്ഞവരാണ് മലയാള സിനിമ ലോകം.
2002ൽ അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച നിഴൽകൂത്ത് എന്ന സിനിമയിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടിക്കൊടുത്തു.
അതിലെ പ്രധാന കഥാപാത്രമായ കാളിയപ്പൻ എന്ന ആരാച്ചാരിന്റെ വേഷം സ്ക്രീനിനും ജീവിതത്തിനും ഇടക്ക് അവിസ്മരണീയമാം വിധം പകർന്നാടുകയായിരുന്നു അദ്ദേഹം.
വറുതിയുടെ ചെറുപ്പകാലം കടന്ന് നാടക തിരശീലയിലൂടെ സിനിമയിലേക്ക് വന്നത് കൊണ്ടാകണം. ഓരോ ഫ്രെയിമിലും ബിഗ് സ്ക്രീനിന് പുറത്തുള്ള ജീവിതം അദ്ദേഹത്തിലൂടെ പ്രേക്ഷകന് അനുഭവ ഭേദ്യമായത്.
വൃക്ക സംബന്ധമായ അസുഖം ജീവിതത്തിന്റെ തിരശീല താഴ്ത്തിയപ്പോൾ മലയാളത്തിന് നഷ്ടമായത് ജീവിതത്തെ ഭാവപകർച്ചകൾ ഏതുമില്ലാതെ അഭ്രപാളികളിൽ എത്തിച്ച മഹാനടനെയാണ്.
2006 മെയ് 27നാണ് ‘ഒടുവിൽ’ ചെയ്യാൻ ബാക്കിയാക്കിയ കഥാപാത്രങ്ങൾ ഫ്രെയിമിൽ അവശേഷിപ്പിച്ച് യാത്രയായത്.