ഗുരുവായൂർ: 80 ദിവസത്തെ ഇടവേളയ്ക്കുശേഷം കണ്ണനെ കണ്‍കുളിർക്കെ കണ്ട് ദർശന പുണ്യം നേടാനായി ഭക്തർ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത് സമയക്രമം അനുസരിച്ചാണ് ഭക്തരെത്തിയത്.
രാവിലെ 9.15ഓടെ 13 പേരടങ്ങുന്ന ആദ്യ സംഘത്തെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടു. കിഴക്കെ വലിയ നടപന്തലിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ആദ്യം സാനിറ്റൈസർ നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചു. പിന്നീട് തെർമൽ സ്കാനർ പരിശോധന നടത്തി. വീണ്ടും സാനിറ്റൈസർ നൽകിയതിനു ശേഷമാണ് വരിയിലേക്ക് കടത്തിവിട്ടത്.
ചുറ്റന്പലത്തിനുള്ളിലേക്ക് അഞ്ചുപേരെ വീതമാണ് പ്രവേശിപ്പിച്ചത്. ചുറ്റന്പലത്തിനുള്ളിൽ പ്രവേശിച്ച ഭക്തർ കൊടിമരത്തിനു സമീപത്തുകൂടി വാതിൽമാടത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്‍കുളിർക്കെ കണ്ട് തൊഴുതു.
തുടർന്നു തെക്കേനട വഴി അയ്യപ്പന്റെ അന്പലം വഴി പുറത്തേക്കു കടന്നു പടിഞ്ഞാറെ നടവഴിയും ഭഗവതിക്ഷേത്രം വഴിയുമാണ് ഭക്തരെ പുറത്തേക്കു വിട്ടത്. രാവിലെ 11 വരെ 70ഓളം ഭക്തരാണ് ദർശനം നടത്തിയത്.
ഓരോ 15 പേരുടെ ദർശനത്തിനു ശേഷവും ശുചീകരണ ലായിനി ഉപയോഗിച്ച് വരി കോംപ്ലക്സിന്റെ ഗ്രില്ലുകളും മറ്റും ശുചീകരിച്ചു. 288 പേർ ഭക്തർ ഓണ്‍ലൈനിൽ ബുക്ക് ചെയ്തിരുന്നുവെങ്കിലും ദർശനത്തിനെത്തിയവരുടെ എണ്ണം കുറവായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി ഐജി എസ്.സുരേന്ദ്രൻ, കമ്മീഷണർ ആർ.ആദിത്യ, എസിപി ടി.ബിജുഭാസ്കർ, ടെന്പിൾ സിഐ എ.അനന്തകൃഷ്ണൻ എന്നിവരുണ്ടായിരുന്നു.
ദേവസ്വം ചെയർമാൻ കെ.വി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ദേവസ്വം ഭരണസമിതിയംഗം എ.വി.പ്രശാന്ത്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കർ, മാനേജർ പി.മനോജ്കുമാർ എന്നിവർ രാവിലെ ഒന്പതുമുതൽ തന്നെ ഭക്തരെ വരവേൽക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി എത്തിയിരുന്നു.