നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേക്കുള്ള യാത്ര ദുസ്സഹമായപ്പോഴാണ് ജർമനിയിലെ മ്യൂണിച്ച് സ്വദേശിയായ ബെഞ്ചമിൻ ഡേവിഡിന് പുതിയൊരു ഐഡിയ മനസിൽ മിന്നിയത്. ഓഫീസിനരികിലൂടെ വിശാലമായ ഐസർ നദിയുള്ളപ്പോൾ പിന്നെ എന്തിനാണ് റോഡിൽ കിടന്നു ബുദ്ധിമുട്ടുന്നത്. പിന്നെയൊന്നും നോക്കിയില്ല, കോട്ടും സ്യൂട്ടും ലാപ്ടോപ്പും വാട്ടർപ്രൂഫ് ബാഗിലാക്കി വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം. നിമിഷനേരം കൊണ്ട് വീട്ടിൽ നിന്ന് ഓഫീസിലേക്ക്.
നേരത്തെ വീട്ടിൽ നിന്ന് ഓഫീസിലെത്താൻ മണിക്കൂറുകൾ തന്നെ വേണ്ടിവരുമായിരുന്നു. എന്നാൽ ഈ പുതിയ ശീലം ആരംഭിച്ചപ്പോൾ മുതൽ 12 മിനിട്ടു കൊണ്ട് തനിക്ക് വീട്ടിൽ നിന്നും ജോലിസ്ഥലത്ത് എത്താൻ കഴിയുന്നുണ്ടെന്നും ബഞ്ചമിൻ പറയുന്നു. ഇതുകൂടാതെ വല്ലാത്തൊരു ഉന്മേഷമാണ് യാത്രയിലൂടെ തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പക്ഷെ തണുപ്പു കാലത്ത് നദിയിൽ കൂടിയുള്ള യാത്ര ദുഃസഹമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നാലു ഡിഗ്രി വരെ താപനില താഴും. എന്നാൽ വേനൽകാലത്ത് നദിയിലൂടെ യാത്ര ചെയ്യാനാണ് എറെ സുഖപ്രദമെന്നും ബഞ്ചമിൻ പറയുന്നു.