കോതമംഗലം: നേര്യമംഗലത്ത് കോടികളുടെ കെട്ടിട സമുച്ചയം പണിതുയർത്തി ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാനാവാതെ പൊതുമരാമത്ത് വകുപ്പ് . ഇപ്പോൾ ഇവിടെ കോടികൾ ചെലവഴിച്ച് പുതിയ റെസ്റ്റ് ഹൗസ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണം പൂർത്തീകരിച്ച ട്രെയിനിംഗ് സെന്ററും ക്വാളിറ്റി കണ്ട്രോള് ഓഫീസും ലാബും പ്രവർത്തനം ആരംഭിക്കാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ എന്‍ജിനിയര്‍മാര്‍ക്ക് ആധുനിക പരിശീലനത്തിനായി നേര്യമംഗലത്ത് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ കേന്ദ്രമാണ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ആകുമ്പോഴും അടച്ചുപൂട്ടി കിടക്കുന്നത്. ഇന്നുവരെ ഇവിടെ ഒരു എന്‍ജിനിയര്‍ക്കും പരിശീലനം കൊടുക്കാന്‍ സാധിച്ചിട്ടില്ല. നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം പെരിയാറിന്റെ തീരത്ത് ആറര ഏക്കര്‍ സ്ഥലത്താണ് മൂന്ന് നിലകളുള്ള പരിശീലന മന്ദിരം.
5,20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മന്ദിരം 8.87 കോടിയുടെ പദ്ധതിയാണ്. പാർക്കിംഗിനായുള്ള വിശാലമായ ഭാഗം ഇപ്പോൾ ചപ്പുചവറുകൾ സൂക്ഷിക്കാനായി നീക്കിവെച്ചിരിക്കുകയാണ്. നിലവിലെ പ്രധാന മന്ദിരത്തിനു സമീപം രണ്ടുമന്ദിരങ്ങള് വേറെയും പണി പൂര്‍ത്തിയായി കാടുകയറി കിടപ്പുണ്ട്. ജില്ലയിലെ എന്‍ജിനിയറിംഗ് പണികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി പണിതതാണ് ഈ മന്ദിരങ്ങൾ. ഇതിനു സമീപത്താണ് 5.92 കോടി അടങ്കല്‍തുകയില്‍ 330000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ റെസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ പണി ഇപ്പോൾ നടന്നുവരുന്നത്.
39 മുറികളോടെ പണിയുന്ന കെട്ടിടത്തിന്റെ പൈലിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്.നേര്യമംഗലം ആര്ച്ച്പാലത്തിന്റെ പണിക്കായി ഉദ്യോഗസ്ഥര്‍ക്കും മറ്റും താമസിക്കാനായി നിർമിച്ചിരുന്ന പഴയ റെസ്റ്റ് ഹൗസ് കെട്ടിടം പൊളിച്ച് നീക്കിയാണ് പൊതുമരാമത്ത് ട്രെയിനിംഗ് കോംപ്ലക്സ് പണിതത്. ആറര ഏക്കര്‍ സ്ഥലത്തിന്റെ പകുതിയോളം കെട്ടിട സമുച്ചങ്ങള്ക്കായി ഉപയോഗപ്പെടുത്തി. ബാക്കി ഭാഗം വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളുമായി കാടുപിടിച്ച് കിടക്കുന്നു. 15 കോടിയുടെ പദ്ധതിയാണ്. കെട്ടിടങ്ങള്‍ പണിതുയര്ത്തുന്നതല്ലാതെ ഒന്ന് പോലും പ്രവര്‍ത്തനക്ഷമമാക്കുന്നില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നത്. 2013ൽ പണി തുടങ്ങിയെങ്കിലും പലവിധ കാരണത്താല്‍ മുടങ്ങിയും ഇഴഞ്ഞുമാണ് ഇതുവരെ എത്തിയത്. പരിശീലന കേന്ദ്രം പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ കടമ്പകള്‍ ഇനിയും കടക്കണമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ തന്നെ പറയുന്നത്.
വെള്ളവും വൈദ്യുതിയും, ട്രെയിനിംഗ് സെന്ററിന് ആവശ്യമായ ജീവനക്കാർ, പ്രധാന മന്ദിരത്തിൽ രണ്ട് ലിഫ്റ്റുകള്‍, മൂന്നാം നിലയിലെ വയറിംഗ്, ഫര്‍ണീച്ചറുകളും ക്യാബിനുകളും, പുതിയ ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ ആവശ്യങ്ങൾ കൂടി പൂര്‍ത്തിയാക്കിയാലെ പരിശീലനം തുടങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
തൃശൂരിലെ കില മാതൃകയിലുള്ള പരിശീലന കേന്ദ്രമാണ് പൊതുമരാമത്ത് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഐഎംജി ആണ് പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. കെട്ടിടത്തിന്റെ അതിവിശാലമായ പാര്‍ക്കിംഗ് സ്ഥലം കെട്ടിട നിർമാണത്തിൻരെ സാധനസാമഗ്രികള്‍ സൂക്ഷിക്കാനായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
എറണാകുളത്തുള്ള പൊതുമരാമത്തിന്റെ ക്വാളിറ്റി കണ്ട്രോള് ഓഫീസും ക്വാളിറ്റി ലാബും കോംപ്ലക്സിന് സമീപത്ത് പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എറണാകുളത്ത് നിന്ന് സ്റ്റാഫുകളില്‍ ചിലരുടെ വടംവലിയാണ് ഓഫീസ് നേര്യമംഗലത്തേക്ക് മാറ്റാത്തതിനു കാരണമെന്നാണ് ആരോപണം. ഇതിനായി പണി തീര്‍ത്തിട്ടുള്ള രണ്ട് കെട്ടിടങ്ങള്‍ കാടുകയറി വെറുതെ കിടന്ന് നശിക്കുകയാണ്. ഇവിടെ ഇപ്പോൾ രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടേയും മദ്യപരുടേയും താവളമാണെന്ന് ആക്ഷേപമുണ്ട്.