തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഓഫീസ് സമയത്ത് മന്ത്രിയുടെ വിശ്വസ്തൻ സംഘടിപ്പിച്ച യാത്രയയപ്പ് ആഘോഷം കമ്മീഷണർ ഇടപെട്ടു തടഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11.30 മുതൽ കലാവിരുന്നും ഉച്ചഭക്ഷണവും ഒരുക്കി വിരമിക്കൽ ആഘോഷം പ്രഖ്യാപിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നീക്കമാണ് വിവാദമാകാൻ സാധ്യതയുണ്ടെന്നു കണ്ടു ഭക്ഷ്യ സുരക്ഷ കമ്മീഷണർ അഫ്സാന പർവീണ്‍ തടഞ്ഞത്.
വിരമിക്കൽ ആഘോഷം വർണാഭമാക്കാൻ തലസ്ഥാനത്തെ മുന്തിയ ഹോട്ടലിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വിരമിക്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിലെ വിവിധ ജില്ലകളിൽ നിന്നു പോലും ജീവനക്കാർ എത്തിയിരുന്നു.
ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ കോണ്‍ഫറൻസ് ഹാളിലായിരുന്നു ആഘോഷം പ്രഖ്യാപിച്ചത്. ഓഫിസ് സമയമായിട്ടും ആഘോഷത്തിന് കമ്മീഷണർ ആദ്യം പച്ചക്കൊടി കാട്ടിയത് മന്ത്രിയുടെ വിശ്വസ്തനെ പിണക്കിയാൽ കസേര തെറിക്കുമെന്ന പേടിയിലായിരുന്നു. വാട്സ് അപ്പ് വഴി സ്വന്തം ചിത്രം സഹിതം പോസ്റ്റർ അടിച്ചായിരുന്നു ജീവനക്കാരെ ക്ഷണിച്ചത്. ഇതു ചോർന്നു തലസ്ഥാനത്തെ മാധ്യമങ്ങൾക്ക് ലഭിച്ചു.
രാവിലെ 11 മുതൽ മാധ്യമ പ്രവർത്തകർ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഓഫിസിൽ എത്തി തുടങ്ങി. അകത്തേക്ക് ആരെയും പ്രവേശിപ്പിക്കാതെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ഇതോടെ ഓഫിസ് സമയത്ത് ആഘോഷം നടത്താൻ അനുമതി നൽകിയ തന്റെ കസേര തെറിക്കുമെന്ന പേടിയിൽ വിരമിക്കൽ ആഘോഷം ഉച്ചഭക്ഷണ സമയത്തെ ബ്രേക്കിലേക്കു മാറ്റി കമ്മീഷണർ തടിയൂരി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 56 ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഹോട്ടലുകാരും ഭക്ഷ്യ ഉത്പാദകരുമായുള്ള ഒത്തുകളിയിലൂടെ സർക്കാരിനു കോടികൾ നഷ്ടമാകുന്നതു കണ്ടെത്തിയിരുന്നു.
സ്വന്തം ലേഖകൻ