ജോലി സ്ഥലത്ത് കൃത്യനിഷ്ഠ പാലിക്കേണ്ടത് ഓരോ ജീവനക്കാരന്റേയും കടമയാണ്. കന്പനി നിയമപ്രകാരം എപ്പോഴാണ് കയറേണ്ടതെന്നും ജോലി കഴിഞ്ഞ് എപ്പോഴാണ് ഇറങ്ങേണ്ടതെന്നുമൊക്കെ നിയമങ്ങളും ചട്ടങ്ങളും വച്ചിട്ടുണ്ടാകും. അതിൽ നിന്ന് വ്യതിചലിച്ച് എന്തെങ്കിലും ചെയ്താൽ ജീവനക്കാർക്ക് കന്പനി വിധിക്കുന്ന ശിക്ഷ തന്നെ ലഭിക്കും. എന്നാൽ അന്യായമായി അത്തരത്തിൽ എന്തെങ്കിലും കന്പനി പ്രവർത്തിച്ചാൽ പരാതിപ്പെടാനും ജീവനക്കാർക്ക് അവകാശമുണ്ട്.
ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷോയിൽ ആസ്ഥാനമായുള്ള കമ്പനിയിൽ മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് നിന്ന് ഇറങ്ങിയതിന് വാങ് എന്ന യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. എന്നാൽ കന്പനിയുടെ അന്യായമായ ഈ പ്രവർത്തിയിൽ യുവതി കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ നടപടി അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായി ജോലിസ്ഥലത്ത് നിന്നും പിരിച്ചു വിട്ടതിന് തൊഴിലുടമ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു.
മൂന്ന് വർഷമായി ഇതോ കന്പനിയിൽ ജോലി ചെയ്യുന്ന തനിക്ക് അവിടെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ജോലിക്കാര്യത്തിൽ തനിക്ക് നല്ല റേറ്റിംഗ് ആണെന്നും യുവതി കോടതിയെ ബോധ്യപ്പെടുത്തി. ഒരു താക്കീത് പോലും നൽകാതെ ജോലിയിൽ നിന്നും ഇവരെ അതിവേഗത്തിൽ പിരിച്ചുവിട്ട കമ്പനിയുടെ നടപടി അന്യായമാണെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.