ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്‍സർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു കോവിഡ്-19 സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിൽ പുറംലോകത്തെ അറിയിച്ചത്.
താനിപ്പോൾ വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും അവർ വ്യക്തമാക്കി. മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു കണ്ടെത്താൻ ശ്രമിച്ചുവരികയാണ്.
ബ്രിട്ടണിൽ കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണു നദീൻ ഡോറിസ്. വൈറസ് ബാധിതർക്ക് ഇൻഷ്വറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം.
ഇതിന്റെ രേഖകളിൽ ഒപ്പുവയ്ക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ്-19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണു ഡോറിസ്.
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം പ്രമുഖരായ നിരവധി പേരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായി റിപ്പോർട്ടുണ്ട്.
ബ്രിട്ടണിൽ നിലവിൽ ആറു പേരാണു കോവിഡ്-19 ബാധിച്ചു മരിച്ചത്. 370 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനിൽനിന്ന് ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
യൂറോപ്പിലും കോവിഡ്-19 ബാധിക്കുന്നവുടെ എണ്ണം വർധിക്കുകയാണ്.