തിരുവനന്തപുരം: കേരളത്തിലേക്ക് ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.
കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി ടൂറിസം രംഗത്ത് മലയോര ഗ്രാമമായ കോടഞ്ചേരി പുതിയ കുതിപ്പുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതലായും പങ്കെടുക്കുന്നത് മലയാളികളാണ്. ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യം ഇവിടെയില്ല.
നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ എത്തും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് മന്ത്രി പറഞ്ഞു.