മുക്കൂട്ടുതറ: പന്പാനദി കര കവിയുന്പോൾ തടസമില്ലാതെ അക്കരെ കടക്കണം. ഇനി ഒറ്റപ്പെടാൻ വയ്യ.
സർക്കാർ ചെയ്തുതരുമെന്നു കാത്തിരുന്നു സമയം കളയാനില്ല. അതുകൊണ്ടു സ്വന്തം അധ്വാനവും പണവുംകൊണ്ട് നടപ്പാലം തീർക്കാൻ ഒരുങ്ങുകയാണ് നാട്.
അറയാഞ്ഞിലിമണ്ണിലാണ് വീണ്ടും ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പാലം ഉയരാൻ പോകുന്നത്.
നടപ്പാലം നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു നാടിന് അഭിമാനം നൽകി റിക്കാർഡ് നേട്ടം കൈവരിച്ച ഏഴ് വയസുകാരൻ പ്രഭുൽ പ്രതീഷ്.
കുടുക്കയിലെ സന്പാദ്യം
സ്ട്രെച്ചിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടിയ പ്രഭുൽ എലിവാലിക്കര സെന്റ് മേരീസ് കോണ്വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അറയാഞ്ഞിലിമണ്ണ് കോട്ടയ്ക്കൽ പ്രതീഷിന്റെയും സ്മിതയുടെയും മകനുമാണ്.
തന്റെ കൊച്ചുകുടുക്കയിൽ സൂക്ഷിച്ചുവച്ച സന്പാദ്യമത്രയും പാലം പണിക്കായി പ്രഭുൽ സംഭാവന നൽകി. ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം.
നീളമേറിയതും തീരെ ഉയരം കുറഞ്ഞതുമായ കോസ്വേ പാലം മാത്രമാണ് പന്പാനദി കടന്ന് അറയാഞ്ഞിലിമണ്ണിലേക്ക് എത്താനുള്ള ഏക മാർഗം. ഈ പാലം വെള്ളത്തിൽ മൂടുന്നതോടെ നാടിന്റെ അന്നം മുട്ടും.
പ്രളയം കൊണ്ടുപോയ പാലം
നടപ്പാലവും തൂക്കുപാലവുമൊക്കെ പ്രളയം കൊണ്ടുപോയി. നടപ്പാലത്തിൽ അവശേഷിക്കുന്നതു തൂണുകൾ മാത്രമാണ്.
ഇതു ബലപ്പെടുത്തി പുതിയ നടപ്പാലം നിർമിക്കാനുള്ള ഒരുക്കത്തിലാണ് നാട്. 20 ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. ഈ തുക നാട്ടിൽനിന്നു സ്വരുക്കൂട്ടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതിനായി ജനകീയയോഗം ചേർന്നപ്പോൾ അറുനൂറോളം പേരാണു പങ്കെടുത്തത്.
ഈ യോഗത്തിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നീട്ടിയ ആദ്യ തുകയോടെ ധനശേഖരണം ആരംഭിച്ചു. എംപിയും എംഎൽഎയും ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് പ്രതിനിധികളും സഹായവും പിന്തുണയും അറിയിച്ചിട്ടുണ്ട്.
അടുത്ത വെള്ളപ്പൊക്കം വരും മുന്പ് ജനകീയ പാലം ഉയരുമെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാർ.
സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജൂസാ മറിയ ദാസ്, വാർഡ് അംഗം സി.എസ്. സുകുമാരൻ, ജോസ് തുണ്ടത്തികുന്നേൽ, ആന്റണി കുന്നത്ത്, അലക്സ് പാഴൂർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.