ഓഹരി അവലോകനം / സോണിയ ഭാനു
രൂപയുടെ കരുത്തും എണ്ണവിപണിയിലെ തണുപ്പും ഓഹരിസൂചികയുടെ രക്ഷയ്ക്ക് ഉപകരിച്ചില്ല. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപയ്ക്ക് ശ്രദ്ധയമായ തിരിച്ചുവരവ് കാഴ്ചവയ്ക്കാനായെങ്കിലും ഓഹരിനിക്ഷേപകർ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സെൻസെക്സിനെയും നിഫ്റ്റിയെയും ഒരുപോലെ തളർത്തി.
നവംബർ സീരീസ് സെറ്റിൽമെന്റിനുള്ള തയാറെടുപ്പിലാണ് വിപണി. കേവലം നാലു ദിവസം മാത്രം ശേഷിക്കുന്നതിനാൽ ലോംഗ് കവറിംഗിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. നിഫ്റ്റി 10,769 പോയിന്റ് വരെ കയറി. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 10,762 ലെ തടസം ആദ്യകുതിപ്പിൽ ദേഭിച്ചെങ്കിലും അധികനേരം ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ല.
ഇതോടെ തളർച്ചയിൽ അകപ്പെട്ട വിപണിക്കു മുൻവാരം വ്യക്തമാക്കിയ 10,533 ലെ താങ്ങ് ഇടപാടുകളുടെ അവസാന നിമിഷങ്ങളിൽ നഷ്ടപ്പെട്ട് 10,526 ൽ ക്ലോസ് ചെയ്തു. 155 പോയിന്റ് പ്രതിവാര നഷ്ടമാണ് നിഫ്റ്റിക്ക് നേരിട്ടത്.
ഡെയ്ലി ചാർട്ടിൽ വിപണി ബുള്ളിഷ് ട്രൻറ്റിലാണ്. എന്നാൽ, വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്റിനു മുന്നോടിയായി സൂചികയിൽ ശക്തമായ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. ഈ വാരം ആദ്യപകുതിയിൽ ഏറെ നിർണായകം 10,512 പോയിന്റാണ്. ഇതു നിലനിർത്താനായില്ലെങ്കിൽ 10,435 ലേക്കും തുടർന്ന് 10,345 പോയിന്റിലേക്കും നിഫ്റ്റി സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
സെക്കൻഡ് സപ്പോർട്ടിലേക്ക് സൂചിക അടുത്താൽ സ്വാഭവികമായും ഡിസംബർ ആദ്യം 10,088 റേഞ്ചിനെ സുചിക ഉറ്റുനോക്കാം. എന്നാൽ, മികവിനു തുനിഞ്ഞാൽ 10,692 ൽ വൻമതിലുണ്ട്. 10,700 നു മുകളിൽ ഇടം കണ്ടത്താൻ തുടർച്ചയായി ഏഴ് ആഴ്ചകളിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. നിഫ്റ്റിയുടെ 50 ആഴ്ചകളിലെ ശരാശരി കണക്കിലെടുത്താൽ 10,730 റേഞ്ചിലാണ്.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷ് ട്രൻഡിലാണ്. പാരാബോളിക് എസ്എആർ, ഫുൾ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നീ ദുർബലാവസ്ഥയ്ക്കുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്നു.
ബോംബെ സെൻസെക്സ് 476 പോയിന്റ് നഷ്ടത്തിലാണ്. വാരാരംഭത്തിൽ 35,797 പോയിന്റ് വരെ സെൻസെക്സ് മുന്നേറിയെങ്കിലും ഈ അവസരത്തിൽ അലയടിച്ച വില്പന തരംഗത്തിൽ സൂചിക 35,000 ലെ താങ്ങും തകർത്ത് 34,981 വരെ ഇടിഞ്ഞു.
മുൻവാരം സൂചിപ്പിച്ച ആദ്യ താങ്ങായ 34,958 നിലനിർത്താൻ ക്ലോസിംഗ് വേളയിൽ വിപണിക്കായി. ഈ വാരം 34,679 പോയിന്റിൽ ആദ്യ സപ്പോർട്ടുണ്ട്. ഇതുനഷ്ടപ്പെട്ടാൽ 34,378 ലെ താങ്ങ് നിലനിർത്തിക്കൊണ്ട് 35,539 പോയിന്റിലേക്കും തുടർന്ന് 36,098 ലേക്കും മുന്നേറാൻ സെൻസെക്സ് ശ്രമിക്കാം.
വിദേശനിക്ഷേപ സ്ഥാപനങ്ങൾ നവംബർ 19 മുതൽ 22 കാലയളവിൽ 855.61 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു. അതേസമയം, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 302.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒക്ടോബറിൽ 38,200 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു.
രണ്ടു വർഷത്തിനിടയിലെ ഏറ്റവും കനത്ത വില്പന സമ്മർദത്തെയാണ് കഴിഞ്ഞമാസം വിപണി ദർശിച്ചത്. എന്നാൽ, നവംബറിൽ ഇതിനകം അവർ 6310 കോടി രൂപയുടെ നിക്ഷേപം നടത്തി. ഫോറെക്സ് മാർക്കറ്റിൽ രൂപ നടത്തിയ തിരിച്ചുവരവും രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞതും വിദേശ ഓപ്പറേറ്റർമാരെ ആകർഷിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് പരിഷ്ക്കരിക്കാനുള്ള നീക്കത്തിലാണ്. ഡിസംബർ അഞ്ചിന് കേന്ദ്രബാങ്ക് യോഗം ചേരുന്നുണ്ട്. ക്രൂഡ് ഓയിൽ വില ഇടിയുന്നത് ധനമന്ത്രാലയത്തിന് ആശ്വാസമാണ്.
ഒക്ടോബർ ആദ്യം ബാരലിന് 85.95 ഡോളറിൽ നീങ്ങിയ എണ്ണവില ഇതിനകം 62.35 ഡോളറിലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 52.49 ഡോളറിലും 48.70 ഡോളറിലുമാണ് സപ്പോർട്ട്. വിനിമയ വിപണിയിലേക്ക് തിരിഞ്ഞാൽ 71.97 ൽനിന്ന് രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ മികച്ച നിലവാരമായ 70.65 ലേക്ക് മെച്ചപ്പെട്ടു. രൂപയുടെ നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ 69.56 ലേക്ക് ഇന്ത്യൻ നാണയം ശക്തിപ്രാപിക്കാം.
ഏഷ്യൻ ഓഹരി ഇൻഡക്സുകൾ പലതും വാരാന്ത്യം വില്പനക്കാരുടെ നിയന്ത്രണത്തിലാണ്. നീക്കി സൂചിക മാത്രമാണ് കരുത്ത് നിലനിർത്തിയത്. ചൈനയിൽ ഷാങ്ഹായി സൂചിക രണ്ട് ശതമാനം ഇടിഞ്ഞു. അതേസമയം, യൂറോപ്യൻ ഇൻഡക്സുകൾ മികവിലാണ്. അമേരിക്കയിൽ പ്രമുഖ ഇൻഡക്സുകൾ മൂന്ന് ശതമാനം തകർച്ചയെ അഭിമുഖീകരിച്ചു. യുഎസ് ഇൻഡക്സുകൾക്ക് നവംബർ അവസാനം ഇത്ര ശക്തമായ തിരിച്ചടി നേരിടുന്നത് 2011നു ശേഷം ആദ്യമാണ്.