ഓഹരി അവലോകനം / സോണിയ ഭാനു
പ്രതികൂല വാർത്തകളെ മറികടന്ന് ഇന്ത്യൻ ഓഹരിസൂചിക പ്രതിവാരനേട്ടം സ്വന്തമാക്കി. വ്യാവസായിക വളർച്ചയ്ക്കു നേരിട്ട തിരിച്ചടിയും ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നുതുടങ്ങിയതും നിക്ഷേപകർക്ക് അനുകൂലമല്ല.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ ഏതവസരത്തിലും ശക്തമാക്കാൻ ഇടയുള്ളത് വിനിമയവിപണിയിൽ രൂപയ്ക്കു മേൽ സമ്മർദമുളവാക്കാം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 314 പോയിന്റും നിഫ്റ്റി 67 പോയിന്റും മുന്നേറി.
നവംബറിലെ വ്യാവസായിക വളർച്ച പതിനേഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്കു നീങ്ങിയത് സാമ്പത്തികമേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇതിനിടെ കോർപറേറ്റ് ഭീമന്മാർ പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടുകൾക്ക് വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.
മുൻനിര കമ്പനികൾ പലതും നിക്ഷേപകരെ നിരാശപ്പെടുത്തി. സ്വകാര്യ ബാങ്കുകളുടെയും ഐടി കമ്പനികളുടെയും റിസൾട്ടിനു തിളക്കം മങ്ങി. ഈ വാരം പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾക്ക് തിളക്കം മങ്ങിയാൽ മുന്നേറ്റത്തിനു വേഗം കുറയും.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,750 റേഞ്ചിൽനിന്ന് 10,870 വരെ ഉയർന്നെങ്കിലും മുൻവാരം സൂചിപ്പിച്ച 10,885ലെ തടസം മറികടക്കാനുള്ള കരുത്ത് സൂചികയ്ക്കു ലഭിച്ചില്ല. ഇതോടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് കാണിച്ച ഉത്സാഹം വാരാന്ത്യം സൂചികയെ 10,794ലേക്കു താഴ്ത്തി. ഡെയ്ലി ചാർട്ടിൽ നിഫ്റ്റിക്ക് 10,600ൽ ശകതമായ താങ്ങ് നിലവിലുണ്ട്. ഈ വാരം 10,859ലേക്കു ഉയരാനാവും ആദ്യ ശ്രമം.
ബോംബെ സെൻസെക്സ് വാരാന്ത്യം 36,009 പോയിന്റിലാണ്. വാരാരംഭത്തിലെ 35,760 റേഞ്ചിൽ നിന്നുള്ള കുതിപ്പിൽ ബിഎസ്ഇ 36,232 വരെ മുന്നേറി. ഈ വാരം 36,239ൽ തടസം നിലവിലുണ്ട്. ഇത് മറികടന്നാൽ 36,470-36,939 നെ ലക്ഷ്യമാക്കി സെൻസെക്സ് മുന്നേറാം. ഫണ്ടുകൾ വില്പനസമ്മർദത്തിന് നീക്കം നടത്തിയാൽ 35,770-35,532ൽ താങ്ങുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം ഏകദേശം 500 കോടി രൂപയുടെ വില്പന നടത്തി. ജനുവരിയിൽ ഇതിനകം അവർ 3,600 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തരഫണ്ടുകൾ 1,100 കോടി രൂപയുടെ ഓഹരികൾ പോയവാരം വാങ്ങി.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ വിനിമയനിരക്ക് വാരമധ്യം 70.61 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 70.38 ലാണ്. ഈ വാരം വിനിമയനിരക്ക് 69.43-70.46 റേഞ്ചിൽ കയറിയിറങ്ങാം.രാജ്യത്തെ മുൻനിരയിലെ പത്തു കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 43,689.89 കോടി രൂപയുടെ വർധന.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഒപെക് ഉത്പാദനം ഒന്നാം തീയതി മുതൽ കുറച്ചത് വിപണി ചൂടുപിടിക്കാൻ കാരണമായി. ബാരലിന് 48.23 ഡോളറിൽനിന്ന് എണ്ണവില 51.59ലേക്കുയർന്നു.