മുംബൈ: തുടർച്ചയായുള്ള തളർച്ചയ്ക്കുശേഷം ഇന്ത്യൻ കമ്പോളങ്ങൾ ഇന്നലെ കുതിച്ചുകയറി. ഏഷ്യൻ മാർക്കറ്റുകളുടെ ചുവടുപിടിച്ച് നിക്ഷേപകരിൽ താത്പര്യം ഉണർന്നതാണ് കമ്പോളങ്ങളിൽ പ്രതിഫലിച്ചത്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 665.44 പോയിന്റ് ഉയർന്ന് 36,256.69ലും നിഫ്റ്റി 179.15 പോയിന്റ് ഉയർന്ന് 10,830.95ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശമുളവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തളർച്ച കാണിച്ച ബാങ്കിംഗ്, ഓട്ടോ, ഐടി. എഫ്എംസിജി ഓഹരികൾ ഇന്നലെ നേട്ടത്തിലായി.
അതേസമയം, മാർച്ചിൽ പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ തീരുമാനം പിൻവലിച്ചതും ഓഹരികൾക്ക് നേട്ടമായി. ഇക്കാര്യം ഫെഡ് ചെയർമാൻ ജെറോം എച്ച്. പവൽ അറിയിച്ചതോടെ ആഗോള കമ്പോളങ്ങൾക്കും ഉണർവായി.
നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്നത്തേത്. ഇതിൽ കാർഷികമേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഫെഡിന്റെ തീരുമാനത്തിനൊപ്പം യുഎസ്-ചൈന വ്യാപാരയുദ്ധത്തിൽ ഉന്നത തലത്തിലുള്ള ചർച്ച നടക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ആറു മാസമായി തുടരുന്ന വ്യാപാരയുദ്ധത്തിൽ അനുകൂല വാർത്തകൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
ഏഷ്യയിൽ ഹോങ്കോംഗിന്റെ ഹാങ്സെങ് 1.08 ശതമാനവും ജപ്പാന്റെ നിക്കീ 1.06 ശതമാനവും ചൈനയുടെ ഷാങ്ഹായ് 0.35 ശതമാനവും ഉയർന്നു. എന്നാൽ, കൊറിയയുടെ കോസ്പി 0.06 ശതമാനം താഴ്ന്നു.
യൂറോസോണിൽ ഫ്രാങ്ക്ഫർട്ട് 0.38 ശതമാനവും പാരിസ് സിഎസി 0.42 ശതമാനവും ലണ്ടൻ എഫ്ടിഎസ്ഇ 0.53 ശതമാനവും ഉയർന്നു.ഇന്ത്യൻ കറൻസി നില അല്പം മെച്ചപ്പെടുത്തി. രൂപയുടെ വിനിമയനിരക്ക് ഇന്നലെ നാലു പൈസ ഉയർന്ന് 71.08 ആയി. ക്രൂഡ് ഓയിൽ വിലയിലും നേരിയ ഉയർച്ചയുണ്ടായി. ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 61.55 ഡോളറിലെത്തി.