മുംബൈ: ഏഴു വ്യാപാരദിനങ്ങളിലെ തുടർച്ചയായ വീഴ്ചയ്ക്കു ശേഷം ഓഹരി സൂചികകൾ ഇന്നലെ ഉയർന്നു. ഏഴു ദിവസം കൊണ്ട് 2200.54 പോയിന്റ് നഷ്ടപ്പെടുത്തിയ സെൻസെക്സ് ഇന്നലെ 330 പോയിന്റ് (0.97 ശതമാനം) കയറി.തലേന്ന് അമേരിക്കയുടെ ഡൗ ജോൺസ് സൂചിക 500 പോയിന്റിലധികം ഉയർന്നതും ചൈനയിലൊഴികെ എല്ലായിടത്തും ഓഹരി സൂചികകൾ കയറിയതും വിപണിക്ക് ആശ്വാസമായി.
ചൈനയിലെ ഷാങ്ഹായ് സൂചിക ഇന്നലെ 1.43 ശതമാനം താണു. രണ്ടു ദിവസം കൊണ്ടു മൂന്നര ശതമാനം താഴ്ചയുണ്ട്. ഒരാഴ്ചകൊണ്ടു ചൈനീസ് നിക്ഷേപകർക്കുള്ള നഷ്ടം 66,000 കോടി ഡോളർ (42.24 ലക്ഷം കോടി രൂപ) ആണ്. ചൈനീസ് ഓഹരികൾ കുറേക്കൂടി താഴുമെന്നാണു നിഗമനം.ഇന്ത്യയിലെ ഓഹരിവ്യാപാരം അവസാനിക്കും മുന്പേ യൂറോപ്പ് വീണ്ടും ദൗർബല്യം കാണിച്ചു. യൂറോപ്പിലെ മിക്ക സൂചികകളും വൈകുന്നേരത്തോടെ ഗണ്യമായ നഷ്ടം കാണിച്ചു.
സെൻസെക്സ് ഇന്നലെ 34,413.16ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 100.15 പോയിന്റ് കയറി (0.96 ശതമാനം) 10,576.85ൽ ക്ലോസ് ചെയ്തു. ഹെൽത്ത് കെയർ, റിയാലിറ്റി, ടെലികോം തുടങ്ങിയ മേഖലകളിലാണു വലിയ നേട്ടം. സ്മോൾ കാപ് സൂചിക 2.25 ശതമാനവും മിഡ്കാപ് സൂചിക 1.82 ശതമാനവും കയറി.
സ്വർണം, ക്രൂഡ് ഓയിൽ വിലകളും താണു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് (31.1 ഗ്രാം) 1310 ഡോളറിനു താഴെയായി. കേരളത്തിൽ പവന് ഇന്നലെ 160 രൂപ കുറഞ്ഞു.
ക്രൂഡ് ഓയിൽ സ്റ്റോക്ക് കൂടിയെന്നും അമേരിക്കയിലും കാനഡയിലും ഉത്പാദനം വർധിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ വില താഴ്ത്തി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ഇനം വീപ്പയ്ക്ക് 64.76 ഡോളറായി. പത്തു ദിവസം മുന്പ് 71.2 ഡോളറായിരുന്നു വില. പത്തു ശതമാനത്തോളം ഇടിവ്. ഡബ്ള്യുടിഐ ഇനം വീപ്പയ്ക്ക് 61.17 ഡോളറായി കുറഞ്ഞു.