ഓഹരി അവലോകനം / സോണിയ ഭാനു
നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ ഒരു തിരിച്ചുവരവിനുള്ള അണിയറനീക്കത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. മൂന്നാഴ്ചകളിലെ വില്പനസമ്മർദത്തിൽ ആടിയുലഞ്ഞ സൂചികകൾ താഴ്ന്ന നിലവാരത്തിൽ പുതിയ അടിത്തറ കെട്ടിയുയർത്തുകയാണ്. ഫെബ്രുവരിയിലെ തളർച്ചയിൽനിന്ന് നേട്ടത്തിലേക്കു തിരിയാനുള്ള ശ്രമത്തിലാണ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ മാർച്ച് സീരീസ്.
സെൻസെക്സും നിഫ്റ്റിയും പോയവാരം നേരിയ നേട്ടത്തിൽ മാത്രമാണെങ്കിലും വരുംദിനങ്ങളിൽ വിദേശത്തുനിന്ന് അനുകൂല വാർത്തകളെത്തിയാൽ ആഭ്യന്തരവിപണി പഴയ ആവേശം തിരിച്ചുപിടിക്കും. മാസത്തിന്റെ തുടക്കത്തിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ആശങ്കകളും പിന്നീട് പഞ്ചാബ് നാഷണൽ ബാങ്കിലെ പ്രതിസന്ധികളും വിപണിയെ കാര്യമായി സ്വാധീനിച്ചു. ഇതിനിടെ ഫെബ്രുവരി സീരീസ് സെറ്റിൽമെന്റ് 22ന് നടന്നതിനാൽ ഓപ്പറേറ്റർമാർ പൊസിഷനുകൾ മാർച്ച് സീരീസിലേക്ക് റോൾ ഓവറിന് ഉത്സാഹിച്ചു.
കഴിഞ്ഞവാരം നിഫ്റ്റി മികവ് കാണിച്ചെങ്കിലും 10,500ലെ നിർണായക തടസം ഭേദിക്കാനാവാതെ 10,499ൽ സൂചിക അല്പം തളർന്ന് 10,491ലാണ് വ്യാപാരാന്ത്യം. ഈ വാരം 10,552ൽ ആദ്യ പ്രതിരോധമുണ്ട്. ഇതു മറികടന്നാലും മാർച്ചിൽ 10,625-10,752 പോയിന്റിൽ വരെ സഞ്ചരിക്കാം. എന്നാൽ, ആദ്യതടസം ഭേദിച്ചില്ലെങ്കിൽ 10,364-10,237ലേക്ക് സാങ്കേതിക തിരുത്തലുകൾക്ക് ഇടയുണ്ട്. ഈ അവസരത്തിൽ താഴ്ന്ന റേഞ്ചിൽ ബോട്ടം ഫിഷിംഗിന് ഫണ്ടുകൾ നീക്കം നടത്താം. അതായത്, മാർച്ച് ആദ്യപകുതിയിൽ 10,930നു മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് വിപണിയുടെ അടിയൊഴുക്ക് വ്യക്തമാക്കുന്നത്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിൽ തന്നെയാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ ബോട്ട് മേഖലയിലേക്കു നീങ്ങി. അതേസമയം, സ്ലോ സ്റ്റോക്കാസ്റ്റിക്, എംഎസിഡി തിരിച്ചുവരവിനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുകയാണ്.
ബോംബെ സെൻസെക്സ് 34,167 വരെ ഉയർന്നെങ്കിലും ഫണ്ടുകൾ വില്പനയ്ക്കു കാണിച്ച തിടുക്കം സൂചികയെ 33,560 വരെ ഇടിച്ചു. വാരാന്ത്യദിനങ്ങളിലെ തിരിച്ചുവരവിൽ സെൻസെക്സ് 34,142ലേക്ക് ഉയർന്നു. ഇന്നും നാളെയുമായി 34,352ലെ തടസം മറികടക്കാനായില്ലെങ്കിൽ സെൻസെക്സ് 33,745-33,349 വരെ തളരാം. എന്നാൽ, മുകളിൽ സൂചിപ്പിച്ച ആദ്യതടസം തകർക്കാനുള്ള കരുത്ത് ലഭ്യമായാൽ ബിഎസ്ഇ സൂചിക 34,563ലേക്കും തുടർന്ന് 34,959 പോയിന്റിലേക്കും ചുവടുവയ്ക്കാം. ഒരു പുൾബാക്ക് റാലിക്കുള്ള സാധ്യതകളാണ് കമ്മോഡിറ്റി ചാനൽ ഇൻഡക്സ് നിൽക്കുന്നത്.
മുൻനിരയിലെ പത്തു കന്പനികളിൽ എട്ടിന്റെയും വിപണിമൂല്യത്തിൽ 58,650 കോടി രൂപയുടെ വർധന. ടിസിഎസിന്റെ വിപണിമൂല്യത്തിൽ 26,742 കോടി രൂപയുടെ വർധന. ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, ഒഎൻജിസി, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയവയ്ക്കു നേട്ടം.
വിദേശ ഫണ്ടുകൾ വില്പനയ്ക്കുതന്നെയാണ് മുൻതൂക്കം നല്കിയത്. 5781.98 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5972.69 കോടി രൂപ നിക്ഷേപിച്ചു. നിക്ഷേപം തിരിച്ചുപിടിക്കാൻ ഫണ്ടുകൾ നടത്തിയ നീക്കം രൂപയുടെ മൂല്യം കുറച്ചു. ഡോളറുമായുള്ള വിനിമയനിരക്ക് 64.21ൽനിന്ന് രൂപ 64.73ലേക്കു തളർന്നു.
ഡോളറിന്റെ തിളക്കം ഏഷ്യൻ ഓഹരിസൂചികകളിലും പ്രതിഫലിച്ചു. ജപ്പാൻ, ചൈന, കൊറിയ, ഹോങ്കോംഗ് ഓഹരി സൂചികകൾ വാരാന്ത്യം നേട്ടത്തിലാണ്. കോർപ്പറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തനറിപ്പോർട്ടുകളുടെ മികവിൽ യൂറോപ്യൻ സൂചികകളും മികവു കാണിച്ചു. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകളും മുന്നേറി.
ക്രൂഡ് ഓയിൽ വില ഉയർന്നു. ലിബിയയിൽ എണ്ണ ഉത്പാദനം കുറഞ്ഞത് രാജ്യാന്തര വിപണി ചൂടുപിടിക്കാൻ കാരണമായി. ന്യൂയോർക്കിൽ എണ്ണവില ബാരലിന് 63.55 ഡോളറായി. പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളർ മുന്നേറിയത് സ്വർണത്തിനു തിരിച്ചടിയായി. ഈ വർഷത്തെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തെ മഞ്ഞലോഹം അഭിമുഖീകരിച്ചു. തൊട്ടുമുൻവാരത്തിൽ ഒൗണ്സിന് 1367 ഡോളർ വരെ കയറിയ സ്വർണമിപ്പോൾ 1328 ഡോളറിലാണ്.