മുംബൈ: അമേരിക്കൻ ഓഹരികൾ തലേന്നു ശക്തമായ തിരിച്ചുവരവ് നടത്തിയതും റിസർവ് ബാങ്കിന്റെ പ്രോത്സാഹജനകമായ പ്രവചനങ്ങളും ഓഹരികൾ കുതിച്ചുകയറാൻ ഇടയാക്കി. സെൻസെക്സ് 1.71 ശതമാനവും നിഫ്റ്റി 1.94 ശതമാനവും കുതിച്ചു.
മാർച്ച് 12ന് 610.80 പോയിന്റ് കയറിയ ശേഷമുള്ള സെൻസെക്സിന്റെ ഏറ്റവും വലിയ ഏകദിന കുതിപ്പായി ഇത്. കാലവർഷം ശരാശരി മഴ നല്കുമെന്ന പ്രവചനവും കന്പോളത്തിനു സഹായകമായി.
ബാങ്കുകൾക്കും മറ്റും പുതിയ ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡാർഡ് (ഐഎഎസ്) ഈ വർഷം ബാധകമാക്കേണ്ട എന്ന റിസർവ് ബാങ്ക് തീരുമാനം ബാങ്ക് ഓഹരികൾക്ക് ആശ്വാസമായി. നിഷ്ക്രിയ ആസ്തി (എൻപിഎ) നിർണയവും അതിനുള്ള വകയിരുത്തലും സംബന്ധിച്ചാണ് പുതിയ അക്കൗണ്ടിംഗ് സ്റ്റാൻഡാർഡ്.
ഇതു ബാധകമാകുന്പോൾ കൂടുതൽ തുക വകയിരുത്തേണ്ടിവരും; അപ്പോൾ നഷ്ടംകൂടും. ഒരു വർഷത്തേക്ക് ഇക്കാര്യത്തിൽ ആശ്വാസം ലഭിച്ചു. ബിഎസ്ഇയിലെ ബാങ്കിംഗ് സൂചിക 2.78 ശതമാനം കുതിച്ചു. എസ്ബിഐ 4.66 ശതമാനവും ഐസിഐസിഐ ബാങ്ക് 3.52 ശതമാനവും കൊട്ടക് ബാങ്ക് 3.38 ശതമാനവും ആക്സിസ് ബാങ്ക് 2.65 ശതമാനവും കയറി.
അമേരിക്ക – ചൈന വ്യാപാരയുദ്ധം ചർച്ചകളിലൂടെ ഒഴിവാക്കാനാകും എന്ന പ്രതീക്ഷ വിപണിയിൽ പടർന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷമേ അമേരിക്ക ആദ്യം പ്രഖ്യാപിച്ച പിഴച്ചുങ്കങ്ങൾ നടപ്പിൽ വരൂ. അതിനകം ചർച്ചകൾക്കു സാധ്യത കാണുന്നുണ്ട്.
അമേരിക്കയിൽ ഡൗജോൺസ് ബുധനാഴ്ച ഒന്നര ശതമാനം താഴ്ചയിൽ തുടങ്ങിയിട്ട് ഒരു ശതമാനം ഉയർച്ചയിലാണു ക്ലോസ് ചെയ്തത്.