ഓഹരി അവലോകനം / സോണിയ ഭാനു
വിദേശനിക്ഷേപം ചുരുങ്ങിയിട്ടും ഇന്ത്യൻ ഓഹരിവിപണി റിക്കാർഡ് തിളക്കം കാഴ്ചവച്ചു. മുന്നാഴ്ചകളിൽ കൈവരിച്ച 1100 പോയിന്റെ് കരുത്ത് മുന്നേറ്റത്തിന് അടിത്തറ പാകുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ജൂലൈ സീരീസ് സെറ്റിൽമെന്റാണ്. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടിയെ ഏറെ പ്രാധാന്യത്തോടെയാണ് വിപണി വീക്ഷിക്കുന്നത്.
പണപ്പെരുപ്പം കുതിക്കുന്നത് വിപണിയെ ബാധിക്കും. പണപ്പെരുപ്പം നാലു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 5.77 ശതമാനത്തിലാണ്. റിസർവ് ബാങ്കിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ദിനങ്ങൾ കടുപ്പമേറിയതാവും. ഓഗസ്റ്റ് ആദ്യം ആർബിഐ വായ്പാ അവലോകനത്തിനായി ഒത്തുചേരും. മുന്നിലുള്ള പ്രതിസന്ധി മറികടക്കാൻ പലിശനിരക്കിൽ മാറ്റങ്ങൾക്ക് ഇടയുണ്ട്.
ഇതിനിടെ വിനിമയവിപണിയിൽ രൂപയ്ക്കു നേരിട്ട റിക്കാർഡ് തകർച്ചയും കേന്ദ്രബാങ്കിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 68.53ൽനിന്ന് എക്കാലത്തെയും മോശം നിലവാരമായ 69.22 വരെ ഇടിഞ്ഞു. വാരാന്ത്യം വിനിമയനിരക്ക് 68.73ലാണ്.
യുഎസ് ഡോളർ സൂചിക പ്രമുഖ കറൻസികൾക്കു മുന്നിൽ മികവിലാണ്. ഡോളർ സൂചികയുടെ മുന്നേറ്റം വിലയിരുത്തിയാൽ രൂപയ്ക്ക് ഈ വാരം 69.35 നിർണായകമാവും. ഒരു വർഷത്തെ ചാർട്ട് പരിശോധിച്ചാൽ 67.25ലാണ് സപ്പോർട്ട്.
വിദേശനാണയ കരുതൽശേഖരത്തിൽ വീണ്ടും ഇടിവ്. ജൂലൈ 13ന് അവസാനിച്ച വാരത്തിൽ കരുതൽ ശേഷം 73.45 കോടി ഡോളർ കുറഞ്ഞ് 40.51 കോടി ഡോളറിലേക്കു താഴ്ന്നു. സാന്പത്തികരംഗത്തെ ചലനങ്ങൾ ഇത്തരത്തിലാണെങ്കിലും കേന്ദ്രസർക്കാർ വാരാന്ത്യം അവിശ്വാസപ്രമേയത്തെ അതിജീവിച്ചത് കണക്കിലെടുത്താൽ ഇന്ന് ഒരു ബുൾ തരംഗം സെൻസെക്സിനും നിഫ്റ്റിയിലും പ്രതീക്ഷിക്കാം. വ്യാഴാഴ്ച ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജൂലൈ സീരീസ് സെൻറ്റിൽമെന്റ് മുൻനിർത്തി റോൾ ഓവറിനുള്ള നീക്കങ്ങൾക്കും ഇടയുണ്ട്.
നിഫ്റ്റി 11,019ൽനിന്ന് സർവകാല റിക്കാർഡ് ആയ 11,076 വരെ ഉയർന്നു. സാങ്കേതികവശങ്ങൾ പലതും ഓവർ ബോട്ടായതിനാൽ മുന്നേറാൻ ക്ലേശിക്കുമെന്ന് മുൻവാരത്തിൽ വ്യക്തമാക്കിയിരുന്നു. വിപണിയുടെ അടിയൊഴുക്ക് ഇപ്പോഴും ശക്തമാണെങ്കിലും ഒരു സാങ്കേതികതിരുത്തൽ വൻ കുതിപ്പുകൾക്ക് അവസരമൊരുക്കാം. നിഫ്റ്റി അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിക്കു മുകളിലാണ്.
വാരാന്ത്യം 11,011ൽ നീങ്ങുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 11,084 പോയിന്റിൽ പ്രതീക്ഷിക്കാം. ഇതു മറികടന്നാൽ 11,158 വരെ ഉയരാൻ അവസരം ലഭിക്കാം. അതേസമയം, തിരുത്തൽ സംഭവിച്ചാൽ 10,930-10,850ൽ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ സൂചിക 10,696 വരെ തളരാം. നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ 14 എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടാണ്.
ബോംബെ സെൻസെക്സ് താഴ്ന്ന നിലവാരമായ 36,261 വരെ നീങ്ങിയെങ്കിലും ഒരു വേള റിക്കാർഡായ 36,748ലേക്കു കുതിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. വാരാന്ത്യം സൂചിക 36,496 പോയിന്റിലാണ്. അനുകൂല വാർത്തകൾ കണക്കിലെടുത്താൽ ഇന്ന് 36,742ലെ ആദ്യ പ്രതിരോധം മറികടക്കാൻ ശ്രമം നടത്താം. ഈ തടസം ഭേദിക്കാനായാൽ 36,988 വരെ ഉയരാനുള്ള കരുത്തു ലഭ്യമാവും. അതേസമയം, ആദ്യ റെസിസ്റ്റൻസിലേക്കു നീങ്ങാനുള്ള കരുത്ത് ലഭിച്ചില്ലങ്കിൽ 36,255-36,014ലേക്കു സാങ്കേതിക തിരുത്തലുകൾക്ക് ഇടയുണ്ട്.
ചൈനീസ് മാർക്കറ്റ് വാരാന്ത്യം തിരിച്ചുവരവ് നടത്തിയത് ഏഷ്യൻ വിപണികളിൽ പ്രതീക്ഷ പകർന്നു. വിനിമയവിപണിയിൽ ചൈനീസ് നാണയം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഏപ്രിൽ മധ്യത്തിനു ശേഷം യുവാന്റെ വിനിമയമൂല്യത്തിൽ ഒന്പതു ശതമാനം ഇടിവ് സംഭവിച്ചു. യുഎസ്-ചൈന വാണിജ്യയുദ്ധമാണ് യുവാനിൽ സമ്മർദമുളവാക്കിയത്. യുഎസ്-യൂറോപ്യൻ മാർക്കറ്റുകൾ വാരാന്ത്യം വില്പനക്കാരുടെ പിടിയിലായിരുന്നു.
ക്രൂഡ് ഓയിൽ ബാരലിന് 70.46 ഡോളറിലാണ്. സ്വർണം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ ട്രോയ് ഒൗണ്സിന് 1211.08 ഡോളർ വരെ ഇടിഞ്ഞശേഷം ക്ലോസിംഗിൽ 1231 ഡോളറിലാണ്. സാങ്കേതികമായി രാജ്യാന്തര വിപണിയിൽ മഞ്ഞലോഹം സെല്ലിംഗ് മൂഡിലാണ്.