മുംബൈ: ആഗോളസംഭവങ്ങളുടെ ആവേശത്തിൽ ഓഹരിസൂചികകൾ കുതിച്ചുപായുന്നു. എന്നാൽ, വൻകന്പനികളുടെ ഓഹരി വിലയിലുണ്ടാകുന്ന ഉയർച്ച ഇടത്തരം കന്പനികളിൽ കാണുന്നില്ല. മിഡ്ക്യാപ് സൂചിക 0.3 ശതമാനം താണു.
സെൻസെക്സും നിഫ്റ്റിയും ഇന്നലെയും പുതിയ റിക്കാർഡ് കുറിച്ചാണു ക്ലോസ് ചെയ്തത്. റിലയൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി തുടങ്ങിയവയുടെ കയറ്റമാണു സൂചികകളെ ഉയർത്തിയത്. 202.52 പോയിന്റ് (0.52 ശതമാനം) കയറിയ സെൻസെക്സ് 38,896.63ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 46.55 പോയിന്റ് (0.4 ശതമാനം) കയറി 11,738.5ൽ ക്ലോസ് ചെയ്തു. ഇടയ്ക്ക് 11,760.2 വരെ കയറിയിരുന്നു.
അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള വാണിജ്യചർച്ച വിജയകരമായി പൂർത്തിയായത് യുഎസ് കന്പോളങ്ങളെ ഉത്സാഹിപ്പിച്ചിരുന്നു. ഡൗ ജോൺസ് തിങ്കളാഴ്ച റിക്കാർഡ് നിലവാരത്തിലെത്തി. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യൻ കന്പോളം ഉയർന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില ഇന്നലെ 1300 രൂപയ്ക്കു മുകളിൽ കയറി 1323 വരെ എത്തിയിട്ട് 1318.2ൽ ക്ലോസ് ചെയ്തു. പെട്രോളിയം, പ്രകൃതിവാതക ഖനനത്തിനു ലേലം ചെയ്ത 55 പ്ലോട്ടുകളിൽ 41 എണ്ണവും വേദാന്ത ഗ്രൂപ്പിനു ലഭിച്ചു. ഇതു വേദാന്ത ലിമിറ്റഡിന്റെ ഓഹരിവില 2.2 ശതമാനം വർധിപ്പിച്ചു.
യുഎസ്-മെക്സിക്കോ ധാരണ യുഎസ് ഡോളറിന്റെ നിരക്ക് കുറയാനിടയാക്കി. ഇതോടെ സ്വർണം ഔൺസിന് 1213 ഡോളറിലേക്കു കയറി. ഡോളറിനു വിദേശത്തുണ്ടായ ദൗർബല്യം രൂപയ്ക്കു രക്ഷയായി. 70.10 രൂപയിലേക്കു ഡോളർ നിരക്ക് താണു. ഇതേസമയം ബ്രെക്സിറ്റ് കാര്യത്തിൽ യൂറോപ്പുമായി ബ്രിട്ടൻ ധാരണ ഉണ്ടാക്കില്ലെന്നു നിലവന്നതോടെ ബ്രിട്ടീഷ് പൗണ്ടിനു വിലയിടിഞ്ഞു.