മുംബൈ: അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടിയതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും ഓഹരിവിപണിയെ വലിച്ചുതാഴ്ത്തി. സെപ്റ്റംബറിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കാലാവധിയായതും വിപണിക്കു ക്ഷീണമായി. ഊഹക്കച്ചവടക്കാർ വില്പനക്കാരായി മാറി.
അമേരിക്കൻ ഫെഡറൽ റിസർവ് ഹ്രസ്വകാല പലിശ കാൽ ശതമാനം വർധിപ്പിച്ചു. ഈവർഷത്തെ മൂന്നാമത്തെ വർധനയാണിത്. അമേരിക്കൻ സാന്പത്തികവളർച്ച നേരത്തേ കരുതിയതിലും മെച്ചമാകുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വിലയിരുത്തി. ഇത് ഈവർഷം ഒരുതവണകൂടി പലിശ കൂട്ടുമെന്ന സൂചന നൽകി. ഇന്നലത്തെ വർധനയോടെ ഹ്രസ്വകാല പലിശ ലക്ഷ്യം 2.00-2.25 ശതമാനമായി.
ക്രൂഡ്ഓയിൽ വില ബുധനാഴ്ച അല്പം താണിട്ട് ഇന്നലെ വീണ്ടും കയറി. 82.2 ഡോളറിനു മുകളിലാണ് ബ്രെന്റ് ഇനം ഒരു വീപ്പയുടെ വില.ഇന്ത്യ 19 ഇനം സാധനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചത് രൂപയ്ക്ക് കരുത്തേകുമെന്ന പ്രതീക്ഷ രാവിലെ കന്പോളത്തിൽ ഉണർവുണ്ടാക്കി. പക്ഷേ അത് അധികസമയം നീണ്ടുനിന്നില്ല.
സെൻസെക്സ് 36,238 പോയിന്റ് വരെ താണിച്ച് 36,324.17-ൽ ക്ലോസ് ചെയ്തു. 218.1 പോയിന്റാണു നഷ്ടം. നിഫ്റ്റി 10,953.35-നും 11,089.45-നുമിടയിൽ ചാഞ്ചാടിയിട്ട് 10,977.55-ൽ ക്ലോസ് ചെയ്തു. നഷ്ടം 76.25 പോയിന്റ്.
ധനകാര്യ കന്പനികൾ, സ്വകാര്യബാങ്കുകൾ എന്നിവയാണ് താഴോട്ടുപോകുന്നത്. ഐഎൽ ആൻഡ് എഫ്എസ് സംബന്ധിച്ച അനിശ്ചിതത്വമാണ് ധനകാര്യ കന്പനികൾക്കു ക്ഷീണമായത്. യെസ് ബാങ്ക് ചെയർമാൻ റാണാ കപൂറിനെ കുറേക്കാലംകൂടി തുടരാൻ അനുവദിക്കണമെന്നു ബാങ്ക് ബോർഡ് ആവശ്യപ്പെട്ടതു റിസർവ് ബാങ്ക് അനുവദിക്കാനിടയില്ലെന്നു റിപ്പോർട്ട് വന്നത് സ്വകാര്യ ബാങ്കുകളെ മൊത്തം ഉലച്ചു.