ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിവിപണി ഒരിക്കൽ കൂടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. ബോംബെ സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 36,470 ന് ഒരു പോയിന്റ് പോലും വ്യത്യാസമില്ലാതെ 36,469.98 വരെ സൂചിക കയറി. നിഫ്റ്റി സൂചികയ്ക്ക് ഇതേ കോളത്തിൽ വ്യക്തമാക്കിയ 10,924 റേഞ്ചിൽ തടസം നേരിട്ടു. ബിഎസ്ഇ സൂചിക 376 പോയിന്റും എൻഎസ് ഇ 112 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
കോർപറേറ്റ് മേഖല പുറത്തുവിട്ട ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർധിച്ചത് ഹെവിവെയിറ്റ് ഓഹരികളെ ശ്രദ്ധേയമാക്കി. പതിവുപോലെ വിദേശ ഫണ്ടുകൾ വില്പനയ്ക്കാണ് മുൻതൂക്കം നല്കിയത്. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ വൻ നിക്ഷേപത്തിന് ഓരോ അവസരവും പ്രയോജനപ്പടുത്തി. ഹെവിവെയിറ്റ് ഓഹരികൾ പലതും കുതിച്ചുചാട്ടം കാഴ്ചവച്ചു.
വരും ദിനങ്ങളിൽ വിപണി ഉറ്റുനോക്കുക ചൈനയുടെ ജിഡിപിയെയാണ്. ബാങ്ക് ഓഫ് ജപ്പാൻ, യൂറോപ്യൻ കേന്ദ്ര ബാങ്ക് തുടങ്ങിയവ പലിശനിരക്കിൽ സ്വീകരിക്കുന്ന നിലപാടുകളെല്ലാം സമീപഭാവിയിൽ വിപണിയുടെ കയറ്റിറക്കങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തും.
ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ അവലോകനത്തിനായി ഒത്തുചേരും. സാമ്പത്തികമേഖലകളിൽനിന്നുള്ള വാർത്തകൾ തന്നെയാവും അടുത്ത ഏതാനും ആഴ്ചകളിൽ വിപണിയെ നിയന്ത്രിക്കുക. അതേസമയം വർഷമധ്യം നടക്കുന്ന പൊതുതെരെഞ്ഞടുപ്പുകൾ വരെ ഫണ്ടുകൾ കരുതലോടെയുള്ള നീക്കങ്ങൾ നടത്താനാണ് സാധ്യത.
നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്താണ് ഇടപാടുകൾക്ക് തുടക്കംകുറിച്ചത്. 35,844 ൽ ഓപ്പൺ ചെയ്ത സെൻസെക്സ് 35,700ലേക്കു താഴ്ന്ന ശേഷം ഇരട്ടി വീര്യത്തോടെ 36,000 ലെ നിർണായക പ്രതിരോധം തകർത്ത് 36,470 ലേക്ക് മുന്നേറി. വാരാന്ത്യം ലാഭമെടുപ്പിൽ അല്പം തളർന്ന് 36,387ൽ ക്ലോസിംഗ് നടന്നു.
ഈ വാരം 36,671 ലെ ആദ്യ പ്രതിരോധം ലക്ഷ്യമാക്കി മുന്നേറാൻ സൂചിക നീക്കം നടത്താം. ഇത് മറികടന്നാൽ 36,955 പോയിന്റാണ് അടുത്ത ലക്ഷ്യം. വില്പന സമ്മർദമുണ്ടായാൽ 35,901 ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെട്ടാൽ സെൻസെക്സ് 35,415 ലേക്ക് പരീക്ഷണങ്ങൾ നടത്താം.
പണിയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. അതേസമയം സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ട് പൊസിഷനിലേക്കു നീങ്ങിയത് തിരുത്തലിനുള്ള സാധ്യതകൾക്കു ശക്തിപകരാം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി 10,684 ലെ താങ്ങ് നിലനിർത്തി. മുൻവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 10,924 ലെ തടസം മറികടന്ന് 10,928 വരെ സൂചിക കയറി. വാരാന്ത്യം നിഫ്റ്റി 10,907 പോയിന്റിലാണ്. 10,924-10,992ലേക്ക് ഉയരാൻ ഇന്നും നാളെയുമായി വിപണി ശ്രമം നടത്താം.
ഈ നീക്കം വിജയിച്ചാൽ 11,077 ലേക്ക് ജനുവരി സീരിസ് സെറ്റിൽമെന്റിന് മുമ്പായി സഞ്ചരിക്കാം. സാങ്കേതികമായി നിഫ്റ്റി ഓവർ ബോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള സാധ്യതകൾ സൂചികയെ 10,758ലേക്കു തളർത്താം. ഈ റേഞ്ചിലും തിരിച്ചടിനേരിട്ടാൽ 10,600 വരെ തിരുത്തൽ തുടരാം.
വിദേശ നിക്ഷേപകർ 2318.76 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1842.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപയുടെ വിനിമയ നിരക്ക് 70.38 ൽനിന്ന് 71.19 ലേക്കു നീങ്ങി. രൂപയുടെ വിലയിടിവും ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യൻ വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബാരലിന് 51.59 ഡോളറിൽനിന്ന് എണ്ണവില 53.89 ഡോളർ വരെ ഉയർന്നു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 53.90 ലെ പ്രതിരോധം മറികടക്കാനായില്ല. ഈ തടസം ഭേദിച്ചാൽ എണ്ണവില 55.07 ഡോളർ വരെ ഉയരാം.
ഏഷ്യൻ മാർക്കറ്റുകൾ പലതും മികവിലാണ്. ചൈനയിൽ ഷാങ്ഹായ് സൂചികയും ഹോങ്കോംഗിൽ ഹാൻസെങും ജപ്പാനിൽ നിക്കീയും കൊറിയയുടെ കോസ്പിയും ഉയർന്നു. യൂറോപ്പിൽ ലണ്ടൻ എഫ്ടിഎസ്, ഫ്രാങ്ക്ഫർട്ട് ഡി ഡക്സ്, പാരിസ് സിഎസി എന്നിവയും ഉയർച്ച കൈവരിച്ചു.
അമേരിക്കയിൽ ഡൗ ജോൻസ് സൂചിക ഓഗസ്റ്റിനുശേഷം ആദ്യമായി തുടർച്ചയായി നാലാഴ്ചകളിൽ നേട്ടം നിലനിർത്തി. വാരാന്ത്യം ഡൗ സൂചിക 336 പോയിന്റ് വർധിച്ചു. എസ് ആൻഡ് പി, നാസ്ഡാക് എന്നിവയും മികവിലാണ്.