ന്യൂഡൽഹി: ചില്ലറ വിലക്കയറ്റത്തിൽ നേരിയ ആശ്വാസം; വ്യവസായ വളർച്ചയിൽ നാമമാത്ര പുരോഗതി.ചില്ലറവില ആധാരമാക്കിയുള്ള വിലസൂചിക (സിപിഐ) ഒക്ടോബറിൽ 3.31 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ 3.7 ശതമാനവും തലേ ഒക്ടോബറിൽ 3.58 ശതമാനവും ആയിരുന്നു സൂചിക. ഭക്ഷ്യവില സൂചികയിൽ 0.86 ശതമാനം ഇടിവുണ്ടായതാണു മൊത്തം വിലസൂചിക കയറാൻ സഹായിച്ചത്. ഗ്രാമങ്ങളിലെ ഭക്ഷ്യവിലസൂചിക 0.57 ശതമാനവും നഗരങ്ങളിലേത് 1.15 ശതമാനവും കണ്ട് താണു.
ഭക്ഷ്യ, ഇന്ധന വിലകൾ പെടുത്താത്ത കാതൽ വിലക്കയറ്റം പക്ഷേ, ആശ്വാസകരമായ നിലയിലല്ല. 6.2 ശതമാനമുണ്ട് അത്. സെപ്റ്റംബറിൽ 5.8 ശതമാനമായിരുന്നു. ഭക്ഷ്യ, ഇന്ധന വിലകൾ വളരെവേഗം കയറിയിറങ്ങുന്നതുകൊണ്ടാണ് അവ പെടുത്താതെ കാതൽ വിലക്കയറ്റം അളക്കുന്നത്. ഫാക്ടറി ഉത്പന്നങ്ങളുടേതടക്കം ദീർഘകാല വിലയുടെ ഗതി അതിൽനിന്നു മനസിലാകും.
പച്ചക്കറികൾ, പയർ വർഗങ്ങൾ തുടങ്ങിയവയുടെ വില വീണ്ടും കീഴോട്ടുപോയതാണു ഭക്ഷ്യവില സൂചികയെ താഴ്ത്തിയത്. പച്ചക്കറിക്ക് 8.06 ശതമാനം, പയർവർഗങ്ങൾക്ക് 10.28 ശതമാനം, പഞ്ചസാരയ്ക്ക് 78.68 ശതമാനം എന്നിങ്ങനെ വില താണു. ഇന്ധനവിലയിൽ 8.55 ശതമാനം വർധനയുണ്ട്.
സെപ്റ്റംബറിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) 4.5 ശതമാനം വളർച്ച കാണിച്ചു. തലേ സെപ്റ്റംബറിൽ 4.1 ശതമാനമായിരുന്നു. ഓഗസ്റ്റിൽ 4.3 ശതമാനമേ വളർച്ച ഉണ്ടായിരുന്നുള്ളൂ. ഫാക്ടറി ഉത്പാദന വളർച്ച സെപ്റ്റംബറിൽ 4.6 ശതമാനമാണ്. ഓഗസ്റ്റിലും അതായിരുന്നു നിരക്ക്.