ഓഹരി അവലോകനം/സോണിയ ഭാനു
വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ പുതുവർഷത്തിന്റെ ആദ്യവാരം ഓഹരിസൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് പ്രതിരോധത്തിനും താങ്ങിനുമിടയിൽ ശക്തമായ ചാഞ്ചാട്ടം കാഴ്ചവച്ച ശേഷം 381 പോയിന്റും നിഫ്റ്റി 133 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
വരാരംഭദിനങ്ങളിൽ 36,200നു മുകളിൽ ബോംബെ സെൻസെക്സ് നീങ്ങിയെങ്കിലും വാരമധ്യം പിന്നിട്ടതോടെ ചാഞ്ചാട്ടത്തിനു വേഗമേറി. ഒരവസരത്തിൽ സെൻസെക്സ് 35,382 വരെ ഇടിഞ്ഞെങ്കിലും മുൻവാരം സൂചിപ്പിച്ച 35,328ലെ താങ്ങ് നിലനിർത്താനായത് ഓപ്പറേറ്റർമാരെ പുതിയ ബയിംഗിന് പ്രേരിപ്പിച്ചു.
ഇതോടെ 35,700 റേഞ്ചിലേക്കു തിരിച്ചുവരവ് കാഴ്ചവച്ച സെൻസെക്സ് ക്ലോസിംഗിൽ 35,695 പോയിന്റിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 35,070ലെ സപ്പോർട്ട് നിലനിർത്താനായാൽ വരും മാസങ്ങളിൽ സൂചിക 37,600നെ ലക്ഷ്യമാക്കി നീങ്ങാം. ഈ വാരം സെൻസെക്സിന് 36,172ൽ ആദ്യ തടസം നേരിടാം. ഇത് മറികടന്നാലും 50 ഡിഎംഎ ആയ 36,647ൽ അടുത്ത പ്രതിരോധമുണ്ട്.
നിഫ്റ്റി സൂചിക 10,800 റേഞ്ചിൽ ഓപ്പൺ ചെയ്ത ശേഷം 10,915 വരെ ഉയർന്ന അവസരത്തിലെ വില്പനതരംഗത്തിൽ 10,628 വരെ താഴ്ന്നു. മാർക്കറ്റ് ക്ലോസിംഗിൽ 10,727 പോയിന്റിലാണ്. 10,540 ൽ സപ്പോർട്ട് നിലനിർത്തിക്കൊണ്ട് ഹ്രസ്വകാലയളവിൽ 11,342നെയാണ് സൂചിക ലക്ഷ്യമിടുന്നത്.
ഈ വാരം നിഫ്റ്റിയുടെ ആദ്യതാങ്ങ് 10,598 പോയിന്റിലാണ്. മുന്നേറ്റത്തിനു തുനിഞ്ഞാൽ 10,885-11,043 ൽ പ്രതിരോധമുണ്ട്. ആദ്യതാങ്ങ് നിലനിർത്താനായില്ലെങ്കിൽ 10,469 റേഞ്ചിലേക്കു നീങ്ങാം. ചൈനീസ് കേന്ദ്ര ബാങ്ക് കരുതൽ ധനാനുപാതം കുറച്ചത് ഏഷ്യൻ മാർക്കറ്റുകളെ സ്വാധീനിച്ചു. അമേരിക്ക – ചൈന വ്യാപാര ചർച്ചകളുടെ പുരോഗതി ഈ ആഴ്ച ഓഹരി വിപണികളിൽ ചലനമുളവാക്കാം.
കോർപറേറ്റ് മേഖല ഈ വാരം ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടും. ടിസിഎസ്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് തുടങ്ങിയ വന്പന്മാരുടെ പ്രകടനങ്ങൾ സൂചികയിൽ ചാഞ്ചാട്ടമുളവാക്കാം. ഫോറെക്സ് മാർക്കറ്റിൽ രൂപ നേരിയ തോതിൽ തിരിച്ചുവരവ് നടത്തി. 69.81ൽനിന്ന് രൂപ 69.51ലേക്ക് കയറി. രൂപ ഈ വാരം 68.96 70.60 റേഞ്ചിൽ സഞ്ചരിക്കാം.
യു എസ്-ചൈനീസ് ചർച്ചകൾ പുരോഗമിക്കുമെന്ന സൂചനകൾ ഷാങ്ഹായ്, ഹാൻസെങ് ഓഹരി സൂചികകൾക്കു തിളക്കം പകർന്നു. ഈ വാർത്ത ജാപ്പനീസ് സൂചികയെ അല്പം തളർത്തി. ചൈനയുടെ നീക്കം യൂറോപ്യൻ ഓഹരി സൂചികകളിലും കുതിപ്പ് സൃഷ്ടിച്ചു. ബെയ്ജിംഗുമായുള്ള ചർച്ചകൾ അമേരിക്കൻ മാർക്കറ്റിനെ സജീവമാക്കി. ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകളിൽ വൻ കുതിപ്പ് ദൃശ്യമായി.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വീണ്ടും ചൂടുപിടിച്ചു. ബാരലിന് 45.04 ഡോളറിൽനിന്ന് എണ്ണ 48.23ലേക്ക് ഉയർന്നു. 50.25 ഡോളറിൽ തടസം നേരിടാം.