മുംബൈ: ബാങ്കിംഗ് മേഖലയിൽനിന്നു കൂടുതൽ മോശപ്പെട്ട വാർത്തകൾ വരുമെന്ന ആശങ്ക ഓഹരികന്പോളത്തെ വീണ്ടും താഴ്ത്തി. സെൻസെക്സും നിഫ്റ്റിയും മൂന്നു മാസത്തിനുള്ളിലെ ഏറ്റവും താണ നിലവാരത്തിലെത്തി.
ഇന്നലെ തുടക്കത്തിൽ ഗണ്യമായി ഉയർന്നശേഷമായിരുന്നു തകർച്ച. അവസാനത്തേ ഒരു മണിക്കൂറിൽ സെൻസെക്സ് നാനൂറു പോയിന്റ് നഷ്ടപ്പെടുത്തി. ഏഷ്യൻ- യൂറോപ്യൻ വിപണികളിൽ കണ്ട ഉണർവ് ഇന്ത്യൻ വിപണിക്കു നിലനിർത്താനായില്ല. ബാങ്കുകളെപ്പറ്റിയായിരുന്നു പ്രധാന ആശങ്ക. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളെ ഒരേ പോലെ വിറ്റൊഴിയുകയാണു നിക്ഷേപകർ.
ബാങ്ക് ഓഹരികൾ മൂന്നു ശതമാനം വരെ താണു.സെൻസെക്സ് ഇന്നലെ 429.58 പോയിന്റ് (1.27 ശതമാനം) താണ് 33,317.20ൽ ക്ലോസ് ചെയ്തു. അഞ്ചു ദിവസം കൊണ്ടു സെൻസെക്സ് 1,129 പോയിന്റ് നഷ്ടപ്പെടുത്തി.നിഫ്റ്റി 109.6 പോയിന്റ് (1.06 ശതമാനം) താണ് 10,249.25ൽ ക്ലോസ് ചെയ്തു.