മുംബൈ: ആഗോള ആശങ്കകൾ ഓഹരി വിപണിയെ വീണ്ടും വലിച്ചു താഴ്ത്തി. രൂപയുടെ വിനിമയനിരക്കും കുത്തനെ ഇടിഞ്ഞു. ഡോളറിന് 70.53 രൂപയായി.
പശ്ചിമേഷ്യയിൽ പടയൊരുക്കത്തിന്റെ ഭീതി ജനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾക്കുനേരേ ഒളി ആക്രമണമുണ്ടായി. ഇതിനോടു സൗദി അറേബ്യയും അമേരിക്കയും എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണു ലോകം. ക്രൂഡ് ഓയിൽ വില ഇന്നലെ മാത്രം രണ്ടു ശതമാനം വർധിച്ചു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 72 ഡോളറായി. സ്വർണവില ഔൺസിന് 1300 ഡോളറിനു മുകളിലായി.
ചൈനയാണു വാണിജ്യ കരാർ ചർച്ചയിൽനിന്നു പിന്മാറിയതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണവും വിപണിയെ വിഷമിപ്പിക്കുന്നു. യുഎസ് ചുങ്കം കൂട്ടിയതിനു ബദലായി ചൈനയും നടപടി പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. ചൈന ചുങ്കം കൂട്ടിയാൽ കനത്ത തിരിച്ചടി എന്നാണു ട്രംപിന്റെ പ്രതികരണം.
ഈ ആശങ്കകൾ മൂലം സൂചികകൾ ഇന്നലെ ഒരു ശതമാനത്തിലേറെ താഴോട്ടു പോയി. സെൻസെക്സ് 372.17 പോയിന്റ് താണ് 37,090.82 ലെത്തി. നിഫ്റ്റി 130.7 പോയിന്റ് ഇടിഞ്ഞ് 11,148.2 ആയി.
നിഫ്റ്റി തുടർച്ചയായ ഒൻപതാംദിവസമാണു താഴുന്നത്. 2011നുശേഷം ഇതാദ്യമാണു നിഫ്റ്റി ഇത്രയും ദിവസം തുടർച്ചയായി താഴുന്നത്. ഏപ്രിൽ 30ലെ നിലയിൽനിന്നു സെൻസെക്സ് 1940.73 പോയിന്റും നിഫ്റ്റി 599.95 പോയിന്റും ഇടിഞ്ഞിട്ടുണ്ട്.
ഓഹരികൾ ഉച്ചവരെ ഉയർച്ച കുറിച്ചശേഷമാണു താഴോട്ടു പോയത്. അവസാന ഒരു മണിക്കൂറിലായിരുന്നു വലിയ ഇടിവ്. ഡോളറിന്റെ വിനിമയനിരക്ക് ഇന്നലെ 62 പൈസ വർധിച്ചു. ഇതോടെ ഡോളറിന് 70.53 രൂപയായി. ലോക വിപണികളിൽ ഡോളറിനുള്ള ഉയർച്ചയും ക്രൂഡ് വിലക്കയറ്റത്തെപ്പറ്റിയുള്ള ആശങ്കയുമാണു കാരണം.