ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി നിക്ഷേപകരെ ഞെട്ടിച്ച് പ്രമുഖ ഇൻഡക്സുകൾ വീണ്ടും തളർന്നു. മുൻനിര ഓഹരികളിൽ ധനകാര്യസ്ഥാപനങ്ങൾ സൃഷ്ടിച്ച വില്പനസമ്മർദത്തെ അതിജീവിക്കാനാവാതെ സെൻസെക്സ് 131 പോയിന്റും നിഫ്റ്റി 31 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഈ വർഷം വിപണിയിൽ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ രണ്ടാമത്തെ തകർച്ച വെള്ളിയാഴ്ച വിപണി ദർശിച്ചു.
വാരത്തിന്റെ ആദ്യപകുതിയിൽ മികവു കാണിച്ച് 34,040 വരെ ബോംബെ സെൻസെക്സ് മുന്നേറി. എന്നാൽ രണ്ടാംപകുതി സൂചികയ്ക്ക് തിരിച്ചടിനേരിട്ടു. ഒരു വേള 33,000 ലെ താങ്ങും തകർത്ത് 32,990 വരെ ഇടിഞ്ഞ സെൻസെക്സ് ക്ലോസിംഗിൽ 33,176 പോയിന്റിലാണ്.
സെൻസെക്സിന്റെ 200 ഡിഎംഎ ആയ 32,834 ഏറെ നിർണായകമാണ്. 200 ദിവസത്തെ ശരാശരിയുടെ താങ്ങ് നഷ്ടപ്പെട്ടാൽ 32,764 ലേക്കും തുടർന്ന് 32,352 പോയിന്റിലേക്കും സൂചിക സഞ്ചരിക്കാം. വിപണിയുടെ തേഡ് സപ്പോർട്ട് 31,715 പോയിന്റാണ്. മുന്നേറാൻ ശ്രമം നടത്തിയാൽ 33,813-34,451 പോയിന്റിൽ തടസം നേരിടാം.
സെൻസെക്സിന്റെ മറ്റു സാങ്കേതികവശങ്ങൾ പരിശോധിച്ചാൽ പാരാബോളിക് എസ് എ ആർ, സൂപ്പർ ട്രെൻഡ് എന്നിവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവയും തിരുത്തലിനുള്ള സാധ്യതകൾക്കു മുൻതൂക്കം നല്കുന്നു.
നിഫ്റ്റി 10,500 പോയിന്റിലേക്ക് ഉയരാൻ വാരമധ്യത്തിൽ ശ്രമം നടത്തിയെങ്കിലും ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ ലാഭമെടുപ്പിനും വിൽപ്പനയ്ക്കും കാണിച്ച തിടുക്കം സൂചികയെ 10,180 വരെ താഴ്ത്തി. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 10,195 ലാണ്. 10,094 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ വിപണി 10,381 ലേക്ക് തിരിച്ചുവരവ് നടത്താമെങ്കിലും ആദ്യതാങ്ങ് നിലനിർത്താൻ വിപണി ക്ലേശിച്ചാൽ താഴ്ന്ന നിലവാരമായ 9993-9807 വരെ പരീക്ഷണങ്ങൾ തുടരാം. നിഫ്റ്റി സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ ഏറെ താഴെയാണു നീങ്ങുന്നത്.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 24 പൈസ മെച്ചപ്പെട്ട് 65.17 ൽനിന്ന് 64.93 ലേക്ക് കയറി. വിദേശ ഓപ്പറേറ്റർമാർ ഈ മാസം ഇതിനകം 6400 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു.
മുൻനിരയിലെ പത്തു കന്പനികളിൽ ആറിന്റെയും വിപണി മൂല്യത്തിൽ 52,000 കോടി രൂപയുടെ ഇടിവ്. റ്റിസിഎസി നു കനത്ത തിരിച്ചടി നേരിട്ടു. എച്ച്ഡിഎഫ്സി, ആർഐ എൽ, എച്ച് യുഎൽ, ഒഎൻജിസി, എസ്ബിഐ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ഇൻഫോസീസ് എന്നിവയ്ക്ക് നേട്ടം.
ഏഷ്യയിൽ ജപ്പാൻ, ഹോങ്കോംഗ്, ചൈനീസ് മാർക്കറ്റുകൾ വാരാന്ത്യം വില്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. അതേസമയം, യുഎസ്- യുറോപ്യൻ വിപണികൾ വാരാവസാനം നേട്ടത്തിലാണ്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ ഭേദഗതികൾക്കു നീക്കം നടത്തുമെന്ന സൂചനകൾ സ്വർണവിലയിൽ സമ്മർദമുളവാക്കി. 1323 ഡോളറിൽനിന്ന് 1313 ലേക്ക് താഴ്ന്ന സ്വർണത്തിന് 1309 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1260 റേഞ്ചിലേക്കു പരീക്ഷണങ്ങൾ നടത്താൻ ഇടയുണ്ട്.