മുംബൈ: അപ്രതീക്ഷിതമായ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 1500 പോയിന്റിന്റെ ചാഞ്ചാട്ടമാണു കാണിച്ചത്. ഒരവസരത്തിൽ രണ്ടുമിനിറ്റുകൊണ്ട് 1128 പോയിന്റ് (3.03 ശതമാനം) താഴെയെത്തിയിട്ട് പിന്നീട് കയറുകയായിരുന്നു. രാജ്യത്ത് പലിശ കൂടുമെന്ന ആശങ്കയാണു കാരണം.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സിനു നഷ്ടം 279.62 പോയിന്റ് (0.75 ശതമാനം). നിഫ്റ്റി 91.25 പോയിന്റ് നഷ്ടത്തിൽ 11,143.10ൽ ക്ലോസ് ചെയ്തു.
ഈയാഴ്ച സെൻസെക്സിന് 3.28 ശതമാനവും (1249.04 പോയിന്റ്) നിഫ്റ്റിക്ക് 3.23 ശതമാനവും (372.1 പോയിന്റ്) നഷ്ടവുമുണ്ടായി.
രാവിലെ യെസ് ബാങ്കിന്റെ ഓഹരികൾ കുത്തനേ ഇടിഞ്ഞെങ്കിലും സൂചികകൾ കയറ്റത്തിലായിരുന്നു. 368 പോയിന്റ് കയറിയ സെൻസെക്സ് 37,489.24ൽ എത്തി. നിഫ്റ്റി 11,346.8ലും എത്തി. പിന്നീട് പൊതുമേഖലാ ബാങ്കുകളിലും ഹൗസിംഗ് ഫിനാൻസ് കന്പനികളിലും ആരംഭിച്ച തകർച്ചയാണ് ഉച്ചയോടെ സർവവിഭാഗം ഓഹരികളും കുത്തനേ ഇടിയുന്നതിലേക്കെത്തിയത്.
ഒരുമണിയായപ്പോൾ സെൻസെക്സ് 1127.58 പോയിന്റ് താണ് 35,993.64ലെത്തി. നിഫ്റ്റി 10,900നു താഴെയായി. താമസിയാതെ തിരിച്ചുകയറിയ സൂചികകൾ ഒരുമണിക്കൂറിനു ശേഷം വീണ്ടും താഴോട്ടുപോയി. സെൻസെക്സ് ആ സമയത്ത് 700ലേറെ പോയിന്റ് താണു. പിന്നീട് പതിയെ തിരിച്ചുകയറുകയായിരുന്നു.
യെസ് ബാങ്കിനു വൻനഷ്ടം
യെസ് ബാങ്ക് സിഇഒയും എംഡിയുമായ റാണാ കപൂർ അടുത്ത ജനുവരി 31നു വിരമിക്കണം എന്ന റിസർവ് ബാങ്ക് നിർദേശമാണ് ബാങ്കിനു തിരിച്ചടിയായത്. ഒരവസരത്തിൽ ബാങ്കിന്റെ ഓഹരിവില 34 ശതമാനം ഇടിഞ്ഞു. ക്ലോസ് ചെയ്യുന്പോൾ നഷ്ടം 29 ശതമാനം. ബാങ്കിന്റെ മൊത്തം വിപണിമൂല്യത്തിൽ 22,000 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്ഥാപക മേധാവിയായ റാണാ കപൂർ പോകുന്നതോടെ ബാങ്കിന്റെ ബിസിനസും ലാഭവും കുറയുമെന്നാണു വിപണിയുടെ ആശങ്ക.
ഭവനവായ്പകളിൽ പേടി
ഭവനവായ്പാ കന്പനികൾക്കും ബാങ്കിതര ധനകാര്യ കന്പനികൾക്കും തിരിച്ചടിയായത് ഊഹാപോഹങ്ങളാണ്. ദിവാൻ ഹൗസിംഗ് ഫിനാൻസ് (ഡിഎച്ച്എഫ്എൽ), ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് (ഐബിഎച്ച്എഫ്എൽ) എന്നിവ വായ്പാ തിരിച്ചടവ് മുടക്കിയെന്ന കുപ്രചാരണമാണ് കുഴപ്പത്തിലേക്കു നയിച്ചത്.
ഡിഎസ്പി മൂച്വൽഫണ്ട് ദിവാൻ ഹൗസിംഗിന്റെ 300 കോടി രൂപയുടെ കടപ്പത്രം വിറ്റൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു കുപ്രചാരണം. പലിശ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ആദായകരമായ നിക്ഷേപത്തിനുവേണ്ടിയാണ് കടപ്പത്രം വിറ്റതെന്നും ദിവാൻ ഹൗസിംഗിനെപ്പറ്റി ഒരാശങ്കയും ഇല്ലെന്നും ഡിഎസ്പി മ്യൂച്വൽ ഫണ്ട് പിന്നീടു വിശദീകരിച്ചു. തങ്ങൾക്കു പണപ്രശ്നമില്ലെന്നും വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും ദിവാൻ ഹൗസിംഗും അറിയിച്ചു.
കന്പോളം ഇതൊന്നും മുഖവിലയ്ക്കെടുത്തില്ല. ദിവാൻ ഹൗസിംഗ് 58 ശതമാനം താണശേഷം ക്ലോസ് ചെയ്തത് 42 ശതമാനം നഷ്ടത്തിൽ. വിപണിമൂല്യം 10,000 കോടിയോളം നഷ്ടമായി. ഇന്ത്യ ബുൾസ് ഹൗസിംഗിന് 30 ശതമാനം നഷ്ടമായി. ചുരുക്കം ചിലത് ഒഴികെ ബാങ്കിതര ധനകാര്യ കന്പനികളുടെയെല്ലാം ഓഹരിവില 10 ശതമാനത്തിലേറെ താണു.
ഐഎൽ ആൻഡ് എഫ്എസ് തകർച്ചയിലേക്ക്
ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻസ് സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയേത്തുടർന്നുള്ള ആശങ്കയാണു വിപണിയെ നയിക്കുന്നത്. 91,000 കോടി രൂപയാണ് ആ ഗ്രൂപ്പിന്റെ കടബാധ്യത. ഒട്ടുമിക്ക മ്യൂച്വൽ ഫണ്ടുകളും അവരുടെ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. എൽഐസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾക്കു ഗ്രൂപ്പിൽ ഓഹരിപങ്കാളിത്തവും ഉണ്ട്. ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ വായ്പാ ഗഡുക്കൾ അടയ്ക്കാൻ വഴിതേടുകയാണ്. എൽഐസിയും മറ്റും സഹായിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ തവണമുടക്കം എന്ന് ഉറപ്പായി.
ഗ്രൂപ്പ് കടം തിരിച്ചടവ് മുടക്കിയാൽ മറ്റു ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിമുട്ടിലാകും. രാജ്യത്ത് പലിശ കൂടാനും വായ്പാലഭ്യത കുറയാനും അതു വഴിതെളിക്കും.
സൂചികകൾ ചെറിയ താഴ്ചയെ കാണിച്ചുള്ളൂവെങ്കിലും ഓഹരിവിലകളിൽ വലിയ താഴ്ചയാണുള്ളത്. മിഡ്കാപ് ഓഹരിസൂചിക 1.7 ശതമാനവും സ്മോൾ കാപ് സൂചിക മൂന്നു ശതമാനവും താണിട്ടുണ്ട്.
ഐഎൽ ആൻഡ് എഫ്എസ് എംഡി രാജിവച്ചു
മുംബൈ: കടക്കെണിയിലായ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിലെ പ്രധാന കന്പനിയായ ഐഎൽ ആൻഡ് എഫ്എസ് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രമേശ് ബാവ രാജിവച്ചു. രാജി ഇന്നലെ പ്രാബല്യത്തിൽവന്നു.
91,000 കോടി രൂപയുടെ കടക്കുരുക്കിലാണു ഗ്രൂപ്പ്. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയത്തിലേക്ക് അടുത്തിട്ടില്ല.