മുംബൈ: ഓഹരിവിപണിയിലെ തകർച്ച തുടരുന്നു. ഒപ്പം രൂപയും ഇടിഞ്ഞു.ബാങ്കുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ എന്നിവയ്ക്കാണു വലിയ തകർച്ച. ഐടി ഒഴികെ എല്ലാ വിഭാഗങ്ങളും താഴോട്ടു പോയി.
സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനം വീതം താണു. സെൻസെക്സ് 536.58 പോയിന്റ് താണ് 36,305.02ൽ ക്ലോസ് ചെയ്തു. ഫെബ്രുവരി ആറിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന താഴ്ചയാണിത്. നിഫ്റ്റി 168.2 പോയിന്റ് ഇടിഞ്ഞ് 10,974.9ൽ ക്ലോസ് ചെയ്തു.
പ്രധാന സൂചികകൾ ചെറിയ വീഴ്ചയേ കാണിച്ചുള്ളൂവെങ്കിലും ബഹുഭൂരിപക്ഷം ഓഹരികളുടെയും താഴ്ച അതിലേറെയായിരുന്നു. നിഫ്റ്റി ജൂണിയർ 3.03 ശതമാനം, റിയൽറ്റി 5.1 ശതമാനം, മിഡ്ക്യാപ് 4 ശതമാനം, ബാങ്ക് 2.45 ശതമാനം എന്നിങ്ങനെ താണു.
നിഫ്റ്റി 10,000ത്തിലേക്ക്
കന്പോളം ഇനിയും താഴുമെന്നാണു വിലയിരുത്തൽ. എഡൽ വൈസ് റിസർച്ച് മേധാവി വിനയ് ഖട്ടർ കണക്കാക്കുന്നത് നിഫ്റ്റി 10,000-10,100 മേഖലയിലേക്കു താഴുമെന്നാണ്. മിസുഹോ ബാങ്കിന്റെ ഇന്ത്യ സ്ട്രാറ്റജിസ്റ്റ് തീർഥങ്കർ പണ്ഡിറ്റ് വിലയിരുത്തുന്നത് നിഫ്റ്റി 500 പോയിന്റുകൂടി താഴോട്ടു പോകുമെന്നാണ്.
ഐഎൽ ആൻഡ് എഫ്എസ്
ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) കടക്കെണിയിലായതും യെസ് ബാങ്ക് മേധാവി റാണാ കപൂറിനെ ഒഴിവാക്കുന്നതുമാണ് കന്പോളത്തെ ഭയപ്പെടുത്തുന്നത്.
91,000 കോടി രൂപയുടെ കടഭാരവുമായി നിൽക്കുന്ന ഐഎൽ ആൻഡ് എഫ്എസ് ഏതു സമയവും പാപ്പരായി പ്രഖ്യാപിക്കപ്പെടാം. എൽഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ ഗ്രൂപ്പിന്റെ 40 ശതമാനം ഓഹരിയുടമകൾ. ഗ്രൂപ്പ് പിടിച്ചുനിൽക്കണമെങ്കിൽ അടിയന്തരമായി 5,000 കോടിരൂപ ലഭിക്കണം.
അതു നല്കാൻ ഓഹരിയുടമകൾ തയാറായിട്ടില്ല. ഗ്രൂപ്പിനെ സംരക്ഷിക്കാനുള്ള പരിപാടി തയാറാക്കി ഈ വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കാൻ റിസർവ് ബാങ്ക് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥാപനങ്ങൾ അതിനു തയാറാകുമോ എന്നറിവില്ല.
ഗ്രൂപ്പ് പാപ്പരായാൽ അതിലേക്കു വായ്പ നല്കിയ ബാങ്കുകൾക്കും മറ്റു ധനകാര്യസ്ഥാപനങ്ങൾക്കും കനത്ത നഷ്ടമുണ്ടാകും. അതാണു ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഭവനവായ്പാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഹരിവില കുത്തനേ ഇടിയാൻ കാരണം.
യെസ് ബാങ്ക്
യെസ് ബാങ്ക് സ്ഥാപകനും മുഖ്യസാരഥിയുമായ റാണാ കപൂർ ജനുവരി 31നു സ്ഥാനങ്ങൾ ഒഴിയാനാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിന്റെ കണക്കുകൾ ശരിയല്ലെന്നു റിസർവ് ബാങ്ക് മനസിലാക്കിയതായി കരുതപ്പെടുന്നു. ഡയറക്ടറായിപ്പോലും തുടരരുതെന്നാണു നിർദേശം. കപൂറിന്റെ പിൻഗാമിയെ ഇന്നു കണ്ടെത്തുമെന്നു സൂചനയുണ്ട്.
കൂട്ടപ്പൊരിച്ചിൽ
ധനകാര്യമേഖലയിൽ ഒരു കൂട്ടപ്പൊരിച്ചിലിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. 2008ൽ അമേരിക്കയിൽ ലീമാൻ ബ്രദേഴ്സ് എന്ന നിക്ഷേപബാങ്ക് തകർന്നതുപോലെ ഗുരുതരമാകും ഐഎൽ ആന്ഡ് എഫ്എസിന്റെ തകർച്ചയെന്നു ഭയപ്പെടുന്നവർ വരെ ഉണ്ട്. ധനകാര്യമേഖലയിലെ നിരവധി സ്ഥാപനങ്ങളെ ഒന്നിച്ചു നഷ്ടത്തിലാക്കാൻ ആ ഗ്രൂപ്പിന്റെ തകർച്ച വഴിതെളിക്കും.
ഇന്നലെ ടിസിഎസും ഇൻഫോസിസും അടക്കം ഐടി കന്പനികളും റിലയൻസും ഗണ്യമായി ഉയർന്നതാണ് വിപണിത്തകർച്ചയുടെ ആക്കം കുറച്ചത്. അഞ്ചു ദിവസംകൊണ്ട് സെൻസെക്സ് 1700 പോയിന്റ് താഴോട്ടു പോയി.
ടാറ്റാ സ്റ്റീൽ 4,700 കോടി രൂപ മുടക്കി ഉഷ മാർട്ടിൻ സ്റ്റീലിനെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതു ടാറ്റാ സ്റ്റീലിന്റെ ഓഹരിവില താഴ്ത്തി, ഉഷ മാർട്ടിനു വില കൂടി. ടാറ്റാ സ്റ്റീലിന്റെ കടബാധ്യത കൂടുമെന്ന ആശങ്കയാണ് വിലയിടിച്ചത്. കടബാധ്യതയേപ്പറ്റി ബോധ്യമുണ്ടെന്നും കുറയ്ക്കാൻ വഴി കണ്ടിട്ടുണ്ടെന്നും ടാറ്റാ സ്റ്റീൽ മാനേജിംഗ് ഡയറക്ടർ പറഞ്ഞു.